കൊല്‍ക്കത്ത: എന്നോടു സംസാരിച്ചിട്ട് കുറച്ചു ദിവസങ്ങളായി, ഭക്ഷണം കഴിക്കാറുമില്ല…അമ്മയുടെ മൃതദേഹത്തിന് അടുത്തിരുന്ന് മകന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ പോലീസ് ഉദ്യോഗസ്ഥരും അമ്പരന്നു. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്ന കാര്യം നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്.
ബംഗാളിലെ ദുര്‍ഗാപുര്‍ പട്ടണത്തിലെ രബീന്ദ്രപള്ളി എന്ന പ്രദേശത്തെ ഈ വീട്ടില്‍ പോലീസ് വാതില്‍ തകര്‍ത്തു കയറിയപ്പോഴുള്ള കാഴ്ച അവരെ ഞെട്ടിച്ചു.
സനന്ദ നന്ദി എന്ന എഴുപത്തിരണ്ടുകാരിയുടെ മൃതദേഹത്തിനു കാവലിരിക്കുകയാണ് മകന്‍ മുപ്പത്തഞ്ചുകാരന്‍ ഇന്ദ്രദീപ്. മൂന്നു ദിവസം മുമ്പെങ്കിലും സനന്ദ മരിച്ചതാണെന്നാണ് പോലീസ് പറയുന്നത്. അധികം അകലെയല്ലാതെ താമസിക്കുന്നുണ്ട്, മൂത്തമകന്‍ ഇന്ദ്രനീല്‍. എന്നാല്‍ ഇന്ദ്രദീപ് ജ്യേഷ്ഠനേയും അമ്മയുടെ മരണം അറിയിച്ചില്ല.
ഏറെക്കാലമായി മാനസിക നില തെറ്റിയ അവസ്ഥയിലുള്ള ഇന്ദ്രദീപിന് അമ്മ മരിച്ചെന്നു മനസ്സിലായില്ല എന്നതാണു സത്യം. അമ്മയുടെ കൂടെത്തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിലും ഈ മകന്‍ രാത്രി ഉറങ്ങിയത്. മൂന്നു ദിവസവും ഇന്ദ്രദീപ് ചോറും കറിയുമുണ്ടാക്കി അമ്മയുടെ മുന്നില്‍ കൊണ്ടു ചെന്നു വെച്ചു. എന്നാല്‍ അമ്മ കഴിച്ചില്ലെന്നാണ് പോലീസിനോട് പിന്നീടു പറഞ്ഞത്. ഒന്നും കഴിച്ചുമില്ല, സംസാരിക്കുന്നുമില്ല, ഇന്ദ്രദീപ് പരാതി പറയുന്നതു പോലെയാണ് ഇതു പറഞ്ഞത്.
കഴിഞ്ഞ ആഴ്ച മൂത്തമകന്‍ ഇന്ദ്രനീലും ഭാര്യ മുക്തയും ഈ വീട്ടില്‍ വന്ന് അമ്മയെ കണ്ടിരുന്നു. അധികം സംസാരിച്ചിരുന്നതില്ല എന്നതൊഴിച്ചാല്‍ കുഴപ്പമൊന്നുമില്ലായിരുന്നു. പിന്നീട് ഈ അമ്മയുടെ ആരോഗ്യം വഷളായതോ മരണത്തിലേക്കു നീങ്ങിയതോ തിരിച്ചറിയാന്‍ ഇന്ദ്രദീപിനു കഴിഞ്ഞിരുന്നില്ല.
ബംഗാളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെന്നു പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. കുറച്ചു നാളുകള്‍ക്കു മുമ്പ് കൊല്‍ക്കത്ത നഗരത്തിനടുത്ത് ഒരു വീട്ടില്‍ നിന്ന് എഴുപതുകാരനായ അരബിന്ദോ ഡെയുടെ മൃതദേഹം പോലീസ് കണ്ടെടുക്കുമ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. അപ്പോള്‍ വീട്ടില്‍ നിന്ന് മറ്റൊരു അസ്ഥികൂടം കണ്ടെത്തി.
അരബിന്ദോയുടെ മകളുടെ അസ്ഥികൂടമായിരുന്നു അത്. അരബിന്ദോയും മറ്റൊരു മകന്‍ പാര്‍ഥയും ആറുമാസമായി ആ അസ്ഥികൂടത്തിനൊപ്പമാണ് ആ വീട്ടില്‍ കഴിഞ്ഞിരുന്നത്.
















