ശ്രീകണ്ഠപുരം: നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ നിന്നും വന്‍സ്‌ഫോടക ശേഖരം പിടികൂടി. ഇതുസംബന്ധിച്ച് രണ്ടുപേരെ അറസ്റ്റ്‌ചെയ്തു. നിടിയങ്ങ പയറ്റിയാലില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ക്രഷേസില്‍ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ റെയ്ഡിലാണ് വന്‍ സ്‌ഫോടക ശേഖരം പിടികൂടിയത്. 380 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 405 ഡിറ്റണേറ്റുകള്‍, 732 മീറ്റര്‍ ഫ്യൂസ് വയര്‍ എന്നിവയ്‌ക്കുപുറമെ ക്വാറിയില്‍ ഉറപ്പിച്ചനിലയിലുണ്ടായിരുന്ന 19 ഡിറ്റണേറ്ററും ഫ്യൂസ് വയറുമാണ് പിടികൂടിയത്. ഇതുകൂടാതെ രണ്ട് ജെസിബി, മൂന്ന് കംപ്രസര്‍ ഘടിപ്പിച്ച ട്രാക്ടറുകള്‍, പ്ലാസ്റ്റിക് ബാരലുകള്‍ എന്നിവയും പിടികൂടിയിട്ടുണ്ട്. ക്വാറിയിലുണ്ടായിരുന്ന നിടിയങ്ങ പയറ്റുചാലിലെ മീത്തല്‍ മുള്ളിത്തടത്തില്‍ സജി ജോണ്‍ (48), കുടിയാന്‍മലയിലെ ചൊവ്വാട്ടുകുന്നേല്‍ ബിനോയ് ദേവസ്യ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ക്വാറി ഉടമകളായ മയ്യിലിലെ ജാബിദ്, നാസര്‍ എന്നിവരുടെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. യാതൊരുവിധ നിയമപരമായ രേഖകളുമില്ലാതെ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ സംഭരിച്ചാണ് ഇവിടെ ക്വാറി പ്രവര്‍ത്തിച്ചുവന്നിരുന്നത്. നിരവധി പരാതികള്‍ ഉയര്‍ന്നുവന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. തമിഴ്‌നാട്ടില്‍നിന്നും കര്‍ണ്ണാടകത്തില്‍നിന്നുമാണ് സ്‌ഫോടക വസ്തുക്കള്‍ വന്‍തോതില്‍ ഇവിടെയെത്തിക്കുന്നത്. യാതൊരുവിധ സുരക്ഷയും പാലിക്കാതെയാണ് അപകടകരമായ വിധത്തിലാണ് ക്വാറി പ്രവര്‍ത്തിച്ചുവരുന്നത്. അറസ്റ്റിലായവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ശ്രീകണ്ഠപുരം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
















