ന്യൂദല്‍ഹി: മുപ്പത് ഉത്പന്നങ്ങളുടെ നികുതി കുറക്കാന്‍ ജിഎസ്ടി (ചരക്ക് സേവന നികുതി) കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇഡ്ഡലി മാവ്, പുളി, ചന്ദനത്തിരി, മഴക്കോട്ട്, റബ്ബര്‍ ബാന്റ് തുടങ്ങിയവക്ക് വില കുറയും. ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ് കമ്മീഷന്റെ (കെവിഐസി) ഔട്ട്ലെറ്റുകളിലൂടെ വില്‍ക്കുന്ന തുണിത്തരങ്ങളെ നികുതിയില്‍ നിന്നൊഴിവാക്കി.
ഖാദി പ്രോത്സാഹിപ്പിക്കാനാണിത്. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ പത്തിലേക്ക് നീട്ടി. ഇന്നായിരുന്നു അവസാന തീയതിയായി നേരത്തെ തീരുമാനിച്ചിരുന്നത്. ഹൈദരാബാദില്‍ നടന്ന 21ാമത് യോഗത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അധ്യക്ഷത വഹിച്ചു. ജിഎസ്ടി നടപ്പാക്കല്‍ വലിയ വെല്ലുവിളിയാണെന്ന് ജയ്റ്റ്ലി പറഞ്ഞു.
വലിയ കാറുകളുടെയും എസ്യുവികളുടെയും നികുതി ഉയര്‍ത്തി. ചെറിയ കാറുകള്‍ വാങ്ങുന്നവര്‍ക്ക് അധിക ബാധ്യത ഉണ്ടാകില്ല. 1200 സിസി പെട്രോള്‍, 1500 സിസി ഡീസല്‍ കാറുകള്‍ക്ക് നിലവിലെ നികുതി തുടരും. ഇടത്തരം വാഹനങ്ങള്‍ക്കുളള നികുതി 43 ശതമാനത്തില്‍ നിന്ന് 45 ശതമാനമായും വലിയ വാഹനങ്ങളുടേത് 43 ശതമാനത്തില്‍ നിന്ന് 48 ശതമാനമായും ഉയര്‍ത്തി.
സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് ഏഴ് ശതമാനമാണ് വര്‍ദ്ധനവ്. ജിഎസ്ടിയുമായി ബന്ധപ്പെട്ട പോര്‍ട്ടല്‍ കൈകാര്യം ചെയ്യുന്നതിന് മന്ത്രിമാരുടെ സമിതി രൂപീകരിച്ചു. ബ്രാന്റഡ് ഭക്ഷ്യവസ്തുക്കള്‍ക്കുള്ള രൂപരേഖയിലും കൗണ്‍സില്‍ മാറ്റം വരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: