കുമാരനല്ലൂര്‍: കുമാരനല്ലൂരമ്മ സിംഹവാഹനത്തിലേറി കളിവള്ളത്തില്‍ ഊരുചുറ്റി തിരികെയെത്തി. കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി നടന്നുവരുന്ന ആചാരത്തിന്റെ ഭാഗമായിട്ടാണ് ഊരുചുറ്റുവള്ളംകളി നടക്കുന്നത്. ഓണാഘോഷങ്ങളുടെ പരിസമാപ്തി കൂടിയായിരുന്നു ഊരുചുറ്റുവള്ളംകളി. ഇന്നലെ രാവിലെ 8.30ന് ക്ഷേത്രചടങ്ങുകള്‍ക്ക് ശേഷം ദേവസ്വം ഭരണാധികാരി ശങ്കരന്‍ നമ്പൂതിരി കരപ്രമാണിക്ക് സിംഹവാഹനം കൈമാറിയതോടെ വള്ളംകളിക്ക് തുടക്കമായി. 1462-ാം നമ്പര്‍ നടുഭാഗം എന്‍എസ്എസ് കരയോഗം സെക്രട്ടറി ഗോപാലകൃഷ്ണന്‍ നായരാണ് ദേവിയുടെ സിംഹവാഹനം ഏറ്റുവാങ്ങിയത്.
തുടര്‍ന്ന് ഗോപുരത്തിന് വെളിയിലേക്ക് തലച്ചുമടായി സിംഹവാഹനം എഴുന്നള്ളിച്ചു. കൊട്ടും കുരവയും ആര്‍പ്പുവിളികളുമായി നൂറ് കണക്കിന് ഭക്തജനങ്ങളുടെ അകമ്പടിയോടെ ആറാട്ട്കടവില്‍ സജ്ജമായിരുന്ന വെപ്പ് വള്ളത്തില്‍ വാഹനം പ്രതിഷ്ഠിച്ചു. നിരവധി വള്ളങ്ങളുടെ അകമ്പടിയോടെ ഊരുചുറ്റുവള്ളംകളി ആറാട്ട് കടവില്‍ നിന്നും യാത്രയായി. ഇടത്തില്‍ മണപ്പുറം, പനയക്കഴിപ്പ്, ചുങ്കം, ഗോവിന്ദപുരം, കല്ലുമട, പുലിക്കുട്ടിശേരി, കുടമാളൂര്‍ വഴി മീനച്ചിലാറ്റിലൂടെ ദേശവഴികളിലെ ഭക്തജനങ്ങള്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങി രാത്രി 8മണിയോടെ തിരിച്ച് ആറാട്ട് കടവില്‍ എത്തിച്ചേര്‍ന്നു. സിംഹവാഹനം തിരികെ എത്തിച്ചതോടെ ഈവര്‍ഷത്തെ ഓണാഘോഷത്തിനും സമാപനമായി. ഊരുചുറ്റുവള്ളംകളി പുറപ്പെടുമ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: