ന്യൂദല്‍ഹി: എംബിബിഎസ് കോഴ്സിന് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ്, അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ്, ഡി.എം. വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നീ സ്വാശ്രയ കോളേജുകള്‍ നല്കിയ റിട്ട് ഹര്‍ജികളില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും (എംസിഐ) കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസയച്ചു.
ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡെ, എല്‍.നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. 11ന് വാദം കേള്‍ക്കും. മൂന്ന് കോളേജുകളിലുമായി ഹൈക്കോടതി അനുമതിയുടെ അടിസ്ഥാനത്തില്‍ 400 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. എന്നാല്‍, എംസിഐയുടെ പ്രത്യേക അനുമതി ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി നടപടി സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് റിട്ട് ഹര്‍ജികള്‍ നല്കാന് കോളേജുകള്‍ക്ക് അനുമതി നല്‍കുകയായിരുന്നു.
അടിസ്ഥാന സൗകര്യം ഉറപ്പാക്കാത്ത കോളേജുകള്‍ക്ക് അനുമതി നല്‍കരുതെന്നാണ് എംസിഐയുടെ വാദം. എന്നാല്‍, 400 വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നാണ് പ്രവേശിപ്പിച്ചതെന്നും അതിനാല്‍ പ്രവേശനം സാധുവാക്കണമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. സമാനമായ സാഹചര്യം നിലനിന്ന ഹൈദരാബാദിലെ അപ്പോളോ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സിനും കര്‍ണാടകയിലെ സരസ്വതി ചാരിറ്റബിള്‍ ട്രസ്റ്റഡിന്റെ മെഡിക്കല്‍ കോളേജിനും സുപ്രീംകോടതി ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനത്തിന് അനുമതി നല്‍കിയിരുന്നു.
ഈ രണ്ട് കോളേജുകള്‍ക്ക് അനുമതി നല്‍കിയത് പോലെ തങ്ങള്‍ക്കും അനുമതി നല്‍കണമെന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും രാജീവ് ധവാനും ദുഷ്യന്ത് ദവേയും വാദിച്ചു. കോളേജുകളുടെ ഹര്‍ജിയില്‍ വാദം കേട്ട് തിങ്കളാഴ്ച തന്നെ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: