കണ്ണൂര്‍: കേരള നിയമസഭയുടെ വജ്രജൂബിലിയുടെ ഭാഗമായുളള കണ്ണൂര്‍ ജില്ലയിലെ ആഘോഷങ്ങള്‍ക്ക് ഇന്ന് (സപ്തംബര്‍ 9)ന് കല്ല്യാശ്ശേരിയില്‍ തുടക്കമാകും. വജ്രജൂബിലിയുടെ ഭാഗമായി സപ്തംബര്‍ 9, 10, 11 തീയതികളില്‍ ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് അരങ്ങേറുന്നത്. നിയമസഭാ സെക്രട്ടേറിയറ്റിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് പിആര്‍ ചേമ്പറില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, ടി.വി.രാജേഷ് എം.എല്‍.എ, കല്ല്യാശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ഇ.പി.ഓമന, നിയമസഭാ ഡെപ്യൂട്ടി സെക്രട്ടറി സക്കറിയ പി.സാമുവല്‍, സ്പെഷ്യല്‍ സെക്രട്ടറി പി.കെ.ഗിരിജ എന്നിവര്‍ അറിയിച്ചു.
കല്യാശ്ശേരി കെ.പി.ആര്.സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ നിയമസഭാ മ്യൂസിയം വിഭാഗം ഒരുക്കുന്ന നിയമസഭാ ചിത്രപ്രദര്‍ശനവും പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കുന്ന സഹായി പവലിയനും ഇന്ന് രാവിലെ 10 മണിക്ക് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പി.കരുണാകരന് എംപി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ടി.വി.രാജേഷ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് തുടങ്ങിയവര്‍ ആശംസകള്‍ നേരും.
രാവിലെ 11.30ന് കേരളം സാമൂഹ്യ വികസനത്തിന്റെ ചരിത്രം എന്ന വിഷയത്തില്‍ ഡോ.പി.ജെ.വിന്‍സെന്റ് പ്രഭാഷണം നടത്തും. വൈകിട്ട് നാലു മണിക്ക് സ്കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും ആറു മണിക്ക് ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ എഴുതി സംവിധാനം ചെയ്ത മത്തായിയുടെ മരണം എന്ന നാടകവും അരങ്ങേറും.
10ന് രാവിലെ 8.30ന് പയ്യാമ്പലത്തെ നായനാര്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടക്കും. ഡെപ്യൂട്ടി സ്പീക്കര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കും. വൈകീട്ട് 3 മണിക്ക് കല്ല്യാശ്ശേരി ഹയര്‍സെക്കന്ററി സ്കൂളില്‍ നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളും ഇ.കെ.നായനാര്‍ സ്മൃതിസമ്മേളനവും പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി സ്പീക്കര്‍ വി.ശശി അധ്യക്ഷത വഹിക്കും. പരിപാടിയില്‍ നായനാരുടെ പത്നി ശാരദടീച്ചറും കുടുംബവും പങ്കെടുക്കും. തുടര്‍ന്ന് ജില്ലയിലെ മുന്‍നിയമസഭ സാമാജികരെ ആദരിക്കുന്ന ചടങ്ങില്‍ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും പങ്കെടുക്കും. വൈകീട്ട് 6 മണിക്ക് പൊന്തിമുഴക്കം നാടന്‍പാട്ടും ദൃശ്യാവിഷ്കാരവും അരങ്ങേറും.
11ന് രാവിലെ 10 മണിക്ക് റബ്കോ ഓഡിറ്റോറിയത്തില്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സഹകരണ പ്രസ്ഥാനത്തിനുള്ള സ്വാധീനം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ എസ്.ശര്‍മ്മ എം.എല്‍.എ വിഷയം അവതരിപ്പിക്കും. ഉച്ചയ്ക്ക് 1.30ന് കല്ല്യാശ്ശേരി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മാതൃകാനിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. കോളേജ്, ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 60 കുട്ടികളാണ് മാതൃകാനിയമസഭയില് പങ്കെടുക്കുന്നത്. ജനാധിപത്യകേരളത്തിന്റെ അനുഭവങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ സ്പീക്കര്‍ സംസാരിക്കും. വൈകീട്ട് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന നാടകവും മറ്റ് കലാപരിപാടികളും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: