ന്യൂദല്‍ഹി; താന്‍ മതന്യൂനപക്ഷത്തില്‍ പെട്ടയാളായതിനാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തന്നെ പീഡിപ്പിക്കുകയാണെന്ന വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്കിന്റെ വാദം എന്‍ഐഎ തള്ളി. സക്കീര്‍ ഭീകരനാണെന്ന സംശയം ഉണ്ട്. വര്‍ഗീയത വളര്‍ത്തുന്ന പ്രസംഗങ്ങള്‍ വഴി മുസ്ളീം യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ഇയാള്‍ തള്ളിവിടുന്നുണ്ട്. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ ഇയാള്‍ വിദ്വേഷം വളര്‍ത്തുന്നുമുണ്ട്. ഇന്റര്‍പോളിനെ ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു.
എന്‍ഐഎയെ കുറ്റപ്പെടുത്തി സക്കീര്‍ കഴിഞ്ഞമാസം ഇന്റര്‍പോളിന് കത്തയച്ചിരുന്നു. ഇതിന് വിശദമായ മറുപടിയാണ് എന്‍ഐഎ നല്‍കിയിരിക്കുന്നത്.ഇന്ത്യന്‍ നിയമങ്ങള്‍ ഇയാള്‍ ലംഘിക്കുകയാണ്. ഇതിന് തെളിവുകളുണ്ട്.തന്റെ സംഘടന വഴി ഇയാള്‍ ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതായി സംശയമുണ്ട്. ഇക്കാര്യം അന്വേഷിച്ചുവരികയാണ്. റിപ്പോര്‍ട്ടില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടി.
തന്റെ പ്രസംഗങ്ങള്‍ വഴി യുവാക്കളെ ഇയാള്‍ വര്‍ഷങ്ങളായി ഭീകരരാക്കി വരികയാണ്. പല തവണ സമണ്‍സ് നല്‍കിയിട്ടും അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിട്ടും പാസ്പോര്‍ട്ട് പിന്‍വലിച്ചിട്ടും ഇയാള്‍ തങ്ങള്‍ക്കു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. എന്‍ഐഎ തുടര്‍ന്നു. 2016 ജൂലൈ ഒന്നിന് ധാക്കയിലെ ബേക്കറിയിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വളരെ ഗൗരവകരമാണ്.രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഇയാളുടെ ഇസ്ളാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.
നിരോധനം പ്രത്യേക ട്രൈബ്യൂണല്‍ ശരിവച്ചതുമാണ്. തന്റെ ഇസ്ളാമിക് റിസര്‍ച്ച് ഫൗണ്ടേഷന് വഴി നിരവധി ഭീകര സംഘടനകള്‍ക്ക് ഇയാള്‍ പണം നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണം. അങ്ങനെയെങ്കില്‍ വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഇയാളെ ഇന്ത്യയില്‍ മടക്കിയെത്തിച്ച് നിയമത്തിനു മുന്പില് ഹാജരാക്കാം. എന്‍ഐഎ ഇന്റര്‍പോളിനോട് അഭ്യര്‍ഥിച്ചു.
താന്‍ മുസ്ളീം ആയതിനാല്‍ തന്നെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ അന്യായമായി പീഡിപ്പിക്കുകയാണെന്നും അതിനാല്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കരുതെന്നും സക്കീര്‍ ഇന്റര്‍പോളിന് നല്കിയ അപേക്ഷയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: