ന്യൂദല്‍ഹി: ദേശീയതലത്തിലുള്‍പ്പെടെ കോണ്‍ഗ്രസ്സുമായി സഖ്യത്തിന് സിപിഎം തയ്യാറെടുക്കുന്നു. ബിജെപിയെ മുഖ്യശത്രുവായി പരിഗണിച്ച് രാഷ്ട്രീയ അടവുനയത്തില്‍ മാറ്റം വരുത്തണമെന്ന് പോളിറ്റ് ബ്യൂറോയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സിനോടുള്ള സമീപനത്തില്‍ മാറ്റം വരുത്തി തെരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറാകണമെന്നും പിബിയില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിന്റെ കരട് രേഖയില്‍ യെച്ചൂരി ചൂണ്ടിക്കാട്ടി. ഹൈദരാബാദില്‍ നടക്കുന്ന 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് രേഖയാണ് പിബിയില്‍ അവതരിപ്പിച്ചത്. ഏപ്രില്‍ 18 മുതല്‍ 22 വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്.
അടവുനയത്തില്‍ മാറ്റം വരുത്തുമെന്ന് യോഗത്തിന് ശേഷം യച്ചൂരി പ്രതികരിച്ചു. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ കാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളത്. മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് നയത്തില്‍ മാറ്റമുണ്ടാകും. ഒക്ടോബറില്‍ ചേരുന്ന കേന്ദ്രകമ്മറ്റി യോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യും. ജനവരിയിലെ കേന്ദ്ര കമ്മറ്റിയോഗം രാഷ്ട്രീയ പ്രമേയത്തിന്റെ അന്തിമ കരടിന് രൂപം നല്‍കും- അദ്ദേഹം വ്യക്തമാക്കി. ബിജെപിയെയും കോണ്‍ഗ്രസ്സിനെയും തുല്യ ശത്രുവായി കാണണമെന്നും കോണ്‍ഗ്രസ്സുമായി ഒരു തരത്തിലുമുള്ള സഖ്യവും പാടില്ലെന്നുമാണ് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ തീരുമാനം.
അതേസമയം, അടവുനയത്തെച്ചൊല്ലി യോഗത്തില്‍ കടുത്ത ഭിന്നതയുണ്ടായി. ബിജെപിയെ മുഖ്യശത്രുവായി പരിഗണിക്കുകയെന്നാല്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കുകയെന്ന അര്‍ത്ഥമില്ലെന്ന് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കോണ്‍ഗ്രസ്സുമായി ചേര്‍ന്നുനില്‍ക്കലല്ല ബിജെപിയെ നേരിടാനുള്ള മാര്‍ഗ്ഗം. കാരാട്ടിനെ പിന്തുണച്ച് കേരള ഘടകവും യച്ചൂരിയെ പിന്തുണച്ച് ബംഗാള്‍ ഘടകവും രംഗത്തെത്തിയതോടെ തര്‍ക്കം കനത്തു.
കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കുന്നത് സംസ്ഥാനത്ത് തിരിച്ചടിയാകുമെന്ന് വാദിച്ച കേരളഘടകം, ഒരു തരത്തിലുമുള്ള സഖ്യവും വേണ്ടെന്നത് കരടുരേഖയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഇതോടെ മുഖ്യശത്രു ആരെന്നത് സംബന്ധിച്ച് ആദ്യം തീരുമാനിക്കാമെന്നും എങ്ങനെ നേരിടാമെന്നത് പിന്നീട് ആലോചിക്കാമെന്നും യെച്ചൂരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: