കാസര്‍കോട്: മംഗലാപുരത്ത് വിലക്ക് ലംഘിച്ച് ബിജെപി മാര്‍ച്ചില്‍ അണിനിരന്നത് പതിനായിരങ്ങള്‍. നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ ഭീഷണികള്‍ വകവെയ്‌ക്കാതെ ബിജെപിയുടെ നേതൃത്വത്തില്‍ മാംഗ്ലൂര്‍ ചലോ റാലിക്ക് ജനങ്ങള്‍ മംഗലാപുരം നഗരത്തിലേക്ക് ഒഴുകിയെത്തി.
കര്‍ണ്ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, കെഎഫ്ഡി എന്നീ സംഘടനകളെ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി റാലി നടത്തിയത്.
നഗരത്തില്‍ വിലക്ക് ലംഘിച്ച് ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബൈക്ക് റാലി നടത്താന്‍ ശ്രമിച്ചത് പോലീസ് ചില സ്ഥലങ്ങളില്‍ തടഞ്ഞു. റാലിയുടെ മുന്നോടിയായിത്തന്നെ 4188 ബൈക്കുകള്‍ ഹബ്ബള്ളി, ഷിമോഗ, കുന്താപുരം ഭാഗങ്ങളില്‍ നിന്നായി പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും കരുതല്‍ തടങ്കലില്‍ വെയ്‌ക്കുകയും ചെയ്തിരുന്നു.
മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ, ശോഭ കലന്തരാജെ എംപി, നളിന്‍ കുമാര്‍ കട്ടീല്‍ എംപി, ജഗദീഷ് ഷെട്ടര്‍, ഈശ്വരപ്പ, ആര്‍.അശോക്, പ്രതാപ് സിംഹ, അരവിന്ദ് ലിംബവലി, സഞ്ജീവ മട്ടണ്ടൂര്‍, സി.ടി.രവി, ഹാരിഷ് പൂഞ്ച തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
റാലി നടത്തിയാല്‍ അറസ്റ്റു ചെയ്തു നീക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ടി.ആര്‍. സുരേഷ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉഡുപ്പി, ദക്ഷിണ കന്നഡ, ചിക്കമംഗളൂരു എന്നിവിടങ്ങളിലും റാലിക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു.
















