ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ സെന്ററിന് സമീപത്തുള്ള ശുചിമുറിയുടെ പൈപ്പ് പൊട്ടി മലിനജലം കാല്‍നടക്കാരുടെ ദേഹത്ത് പതിക്കുന്നു. കാന്‍സര്‍ കെയര്‍ സെന്ററിനോട് അനുബന്ധിച്ചുള്ള റേഡിയോ ഡയഗനൈസ്ഡ് സെന്ററിന്റെ ശുചിമുറിയില്‍ നിന്നുള്ള മാലിന്യം കലര്‍ന്ന ജലമാണ് പൈപ്പ് പൊട്ടി ഒഴുകുന്നത്. മുകളിലത്തെ നിലയിലാണ് ശുചിമുറി.
ഇതിന് സമീപം പ്രവര്‍ത്തിക്കുന്ന സ്‌കാനിംഗ് സെന്റര്‍, ഇന്ത്യന്‍ കോഫീ ഹൗസ്, കാന്റീന്‍ എന്നിവിടങ്ങളിലേക്കും, സ്‌കാനിംഗിനായി കിടത്തിക്കൊണ്ട് പോകുന്ന രോഗികളുടെ ദേഹത്തും ഈ മലിനജലം വീഴുന്നു. ദേഹത്ത് ജലം വീഴുമ്പോള്‍ മുകളിലേക്ക് നോക്കുമ്പോഴാണ് ശുചിമുറിയില്‍ നിന്നുള്ള മലിനജലമാണെന്ന് മനസിലാക്കുന്നത്. റേഡിയോഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ രോഗികള്‍ക്ക് നല്‍കുന്നതും ഇവിടെയാണ്. അതുകൊണ്ടുതന്നെ ഇവിടുത്തെ ശുചിമുറി മാലിന്യം ആശൂപത്രി കെട്ടിടത്തിനകത്ത് വീഴുന്നത് ഏറെ ഗൗരവമുള്ളതാണ്.
മലിനജലം ദേഹത്ത് വീണ് ചൊറിച്ചില്‍ ഉണ്ടാകുന്നതായും പരാതി ഉയരുന്നുണ്ട്. കാന്‍സര്‍ രോഗികളെ കിടത്തി ചികിത്സിക്കുന്ന വാര്‍ഡിന്റെ ശുചിമുറിയുടെ മാലിന്യപൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാകുമ്പോഴും അധികൃതര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പൈപ്പ് പൊട്ടി മലിനജലം ഒഴുകാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ചോര്‍ച്ച മാറ്റുന്നതിന് ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.
ആശൂപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: