മുംബൈ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്ത് പന്ത്രണ്ട് സ്ഫോടനങ്ങള്‍. ഇരുപത്തിനാലു വര്‍ഷം മുമ്പ്, 1993 മാര്‍ച്ച് 12, വെള്ളി. ഉഗ്രസ്ഫോടന ശേഷിയുള്ള ആര്‍ഡിഎക്സ് നിറച്ച കാറുകളും സ്‌കൂട്ടറുകളും പൊട്ടിത്തെറിച്ചു. ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള അധോലോകഭീകരര്‍ ആസൂത്രണം ചെയ്ത കൂട്ടക്കൊല. പൊലിഞ്ഞത് 257 ജീവനുകള്‍. എഴുനൂറിലെപ്പേര്‍ക്ക് പരിക്കേറ്റു.
രണ്ടാംഘട്ട വിചാരണയും പൂര്‍ത്തിയാക്കി പ്രതികളെ കുറ്റക്കാരെന്ന് ടാഡാ കോടതി വിധിക്കുമ്പോള്‍ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആര്‍ഡിഎക്സ് ഉപയോഗിച്ച് ആസൂത്രണം ചെയ്ത ലോകത്തിലെ ഏറ്റവും വലിയ സ്ഫോടന പരമ്പര എന്നാണ് വിശേഷണം.
ഉച്ചയ്‌ക്ക് ഒന്നര മണി മുതല്‍ 3.40 വരെയുള്ള സമയത്താണ് കാര്‍ ബോംബുകള്‍ പൊട്ടിത്തെറിച്ചത്. അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നതിലുള്ള പ്രതികാരം എന്നാണ് കാരണം പറഞ്ഞത്. യാക്കൂബ് മേമന്‍, ടൈഗര്‍ മേമന്‍ സഹോദരന്മാരുടെ പിന്തുണയോടെ ദാവൂദ് ഇബ്രാഹിമും സഹോദരന്‍ അനീസും ചേര്‍ന്നാണ് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. അബു സലീമിനെപ്പോലുള്ളവര്‍ ദാവൂദിന്റെ ആജ്ഞ അനുസരിക്കുകയായിരുന്നു.
മേമന്‍ സഹോദരന്മാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്ന ഗുല്‍ നൂര്‍ മുഹമ്മദ് ഷെയിഖ് എന്നയാളെ 1993 മാര്‍ച്ച് ആദ്യവാരം അറസ്റ്റ് ചെയ്തപ്പോള്‍ സ്‌ഫോടന പരമ്പരയെക്കുറിച്ചുള്ള ആദ്യ സൂചനകള്‍ മുംബൈ പോലീസിനു കിട്ടിയതാണ്. മുംബൈ സ്റ്റോക് എക്സ്ചേഞ്ച് മന്ദിരം, ശിവസേനയുടെ ആസ്ഥാനമായ സേനാ ഭവന്‍, സഹര്‍ വിമാനത്താവളം എന്നവിടങ്ങളില്‍ ബോംബു സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി തനിക്കറിയാം എന്ന് ഗുല്‍ നൂര്‍ പറഞ്ഞതാണ്.
എന്നാല്‍ പോലീസ് അത് തള്ളി. ഗുല്‍ പോലീസിനോടു ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നു സൂചന കിട്ടിയ ടൈഗര്‍ മേമന്‍ പദ്ധതി മാറ്റി. ഏപ്രിലില്‍ ശിവ്ജയന്തി ആഘോഷങ്ങള്‍ക്കിടെ ബോംബുകള്‍ വെക്കാനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ പോലീസിനു കൂടുതല്‍ സൂചനകള്‍ കിട്ടുന്നതിനു മുമ്പ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് പന്ത്രണ്ട് വെള്ളി അതിനായി തെരഞ്ഞെടുത്തു.
















