ഇരുത്തിനാലുവര്‍ഷം മുമ്പത്തെ സഫോടന പരമ്പരക്കേസില്‍ രണ്ടുപേര്‍ക്ക് വധശിക്ഷ നല്‍കിയ വിധി പുറത്തുവന്നപ്പോള്‍, നടുക്കം മാറാത്ത നിരവധി ഓര്‍മ്മകളുണ്ട് മുംബൈ നിവാസികളുടെ മനസ്സുകളില്‍. ആ കറുത്ത വെള്ളിയാഴ്ച മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തില്‍ ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കായിരുന്നു ആദ്യത്തെ കാര്‍ ബോംബു സ്ഫോടനം.
ഇരുപത്തെട്ടു നില കെട്ടിടം മാത്രമല്ല സമീപത്തുള്ള കെട്ടിടങ്ങളും സ്ഫോടനത്തില്‍ വിറച്ചു. അമ്പതു പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. അരമണിക്കൂറിനു ശേഷം മാണ്ഡവിയിലെ മസ്ജിദിനടുത്തുള്ള കോര്‍പ്പറേഷന്‍ ബാങ്കിനു മുന്നില്‍ അടുത്ത സ്ഫോടനം.
തുടര്‍ന്നങ്ങോട്ട്, മാഹിം കോസ്വേയിലെ മത്സ്യത്തൊഴിലാളികളുടെ കോളനി, സാവേരി ബസാര്‍, പ്ലാസ തിയെറ്റര്‍, സെഞ്ചുറി ബസാര്‍, കത്താ ബസാര്‍, ഹോട്ടല്‍ സീ റോക്ക്, സഹര്‍ വിമാനത്താവളം(ഇപ്പോള്‍ ഛത്രപതി ശിവജി അന്താരാഷ്‌ട്ര വിമാനത്താവളം), എയര്‍ ഇന്ത്യ ആസ്ഥാനം, ഹോട്ടല്‍ ജുഹു സെന്റൗര്‍, പാസ്പോര്‍ട്ട് ഓഫീസ് തുടങ്ങിയിടത്തെല്ലാം വാഹനങ്ങളില്‍ വെച്ചിരുന്ന ബോംബുകള്‍ പൊട്ടി. മിക്കയിടത്തും കാര്‍ ബോംബുകള്‍. ചിലയിടങ്ങളില്‍ സ്‌കൂട്ടറുകളിലായിരുന്നു ബോംബ്. സ്ഫോടനങ്ങള്‍ക്ക് വര്‍ഗീയ മുഖമില്ല എന്നു വരുത്താന്‍ മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ചെറിയൊരു സ്ഫോടനം കൂടി നടത്തിയിരുന്നു.
മേമന്‍ സഹോദരന്മാരില്‍ യാക്കൂബിനെ തൂക്കിലേറ്റിയതാണ് നിയമ നടപടിയുടെ പ്രധാനഘട്ടം. 1994ല്‍ അറസ്റ്റിലായ യാക്കൂബ് മേമനെ 2007 ജൂലൈയില്‍ തൂക്കിലേറ്റാന്‍ വിധിച്ചു. അപ്പീലുകളും തള്ളിയതോടെ 2015 ജൂലൈ 30ന് നാഗ്പൂര്‍ ജയിലില്‍ യാക്കൂബിനെ തൂക്കിലേറ്റി.
ആര്‍ഡിഎക്സ് മുംബൈയിലേക്കു കൊണ്ടുവരാന്‍ സഹായിച്ച കസ്റ്റംസ്, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജീവപര്യന്തം വരെയുള്ള തടവാണ് ശിക്ഷ കിട്ടിയത്. വിവിധ ഘട്ടങ്ങളില്‍ കേസുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ നടന്‍ സഞ്ജയ് ദത്ത് അടക്കമുള്ളവരും ജയിലില്‍ കിടന്നു.
പോര്‍ച്ചുഗലില്‍ അറസ്റ്റിലായ അബു സലീമിനെ 2005ല്‍ ഇന്ത്യയിലേക്കു കൊണ്ടുവന്നതാണ് അടുത്തഘട്ടം. സലീമിന്റെ കുറ്റസമ്മത മൊഴിയില്‍ നിന്നാണ് സിദ്ദിഖിയും ഷെയിഖും അറസ്റ്റിലായത്. ഇന്ത്യക്കു കൈമാറുമ്പോള്‍ പോര്‍ച്ചുഗലുമായുണ്ടാക്കിയ കരാര്‍ പ്രകാരം അബു സലിമില്‍ ചുമത്തിയിരുന്ന ചില വകുപ്പുകള്‍ പിന്നീട് സിബിഐ ഒഴിവാക്കിയിരുന്നു. മുസ്തഫ ദോസയുടെ പങ്ക് 1995ല്‍ തെളിഞ്ഞതാണെങ്കിലും അറസ്റ്റിലായത് 2003ല്‍. പ്രത്യേക ടാഡാ ജഡ്ജി ജസ്റ്റിസ് സനാപ് 2001ലാണ് വിചാരണ കേട്ടുതുടങ്ങിയത്. മാര്‍ച്ചില്‍ വിചാരണ പൂര്‍ത്തിയാക്കി.
















