തലശ്ശേരി: നാല്പത്തേഴാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്പ്പണചടങ്ങിന്റെ ഭാഗമായുള്ള കലാപരിപാടികള്‍ ഇന്നുമുതല്‍ ബിഇഎംപി സ്കൂളില്‍ ആരംഭിക്കും. എരഞ്ഞോളിമൂസ നയിക്കുന്ന മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കിയ ഇശല്‍ രാവാണ് ഇന്ന് നടക്കുക. നാളെ വൈകിട്ട് ആറിന് ചലച്ചിത്രനിരൂപകന്‍ അനശ്വരനായ ഒ.പി.രാജ്മോഹന്റെ സൂചികളില്ലാത്ത ഘടികാരം പുസ്തകം ചലച്ചിത്ര അക്കാഡമി ചെയര്മാന് കമല്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന് ഫോക്ലോര് അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ സി.ജെ.കുട്ടപ്പന് നയിക്കുന്ന ഫോക്ഫ്യൂഷന്‍ അരങ്ങേറും.
ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ ഇന്നലെ രാവിലെമുതല്‍ കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് സിനിമപ്രദര്‍ശനവും ഡമോണ്‍സ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്. ഇന്നുതന്നെ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെയുള്ള ഫോട്ടോപ്രദര്‍ശനവും ആരംഭിക്കും. കേക്ക്മേള, കളരി ഡമോണ്‍സ്ട്രേഷനും സിനിമയിലെ കളരിദൃശ്യങ്ങളുടെ പ്രദര്‍ശനവും കടത്തനാട് നാടകഭൂമിയുടെ യൂത്ത് നാടകവും ബിഇഎംപി സ്കൂളില്‍ ഇന്ന് നടക്കും. ടെമ്പിള്‍ഗേറ്റ് സ്പോര്‍ടിങ്ങ് അറീനയില്‍ വൈകിട്ട് 5ന് കെ.രാഘവന് അനുസ്മരണം രാഘവീയം ആരംഭിക്കും.
മ്യൂസിഷന്‍ വെല്ഫേര് അസോസിയേഷന്റെ സംഗീതോപകരണ പ്രദര്‍ശനം വെള്ളിയാഴ്ച മുതല്‍ പൈതൃക ടൂറിങ്ങ് ഓഫീസില്‍ തുടങ്ങും. വടക്കെമലബാറിന്റെ സാംസ്കാരിക ആസ്ഥാനമായ നഗരം ഉത്സവാന്തരീക്ഷത്തിലാണ്. പത്തിന് നഗരത്തില്‍ ഗതാഗതക്രമീകരണം പൊലീസ് ഏര്‍പ്പെടുത്തുന്നുണ്ട്. സുഗമമായി നഗരത്തിലേക്ക് വന്നുപോകാന്‍ കഴിയുംവിധമുള്ള ക്രമീകരണവുമായി എല്ലാവരും സഹകരിക്കണമെന്നും അവാര്‍ഡ് സമര്‍പ്പണം സുഗമമായി നടത്താനും വിജയിപ്പിക്കാനും മുഴുവനാളുകളും സഹകരിക്കണമെന്നും സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു. 10ന് വൈകിട്ട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായിവിജയന് അവാര്‍ഡ് സമര്‍പ്പണം നിര്‍വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്മാന് എ.എന്‍.ഷംസീര്‍ എംഎല്‍എ, ജനറല്‍കണ്‍വീനര്‍ പ്രദീപ്ചൊക്ലി, നഗരസഭ ചെയര്മാന് സി.കെ.രമേശന്, വി.കെ.സുരേഷ്ബാബു, ബിനീഷ്കോടിയേരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: