തിരുവനന്തപുരം: തമിഴ്നാട് സ്വദേശി മുരുകന്റെ മരണത്തില്‍ മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് അധികൃതര്‍ നടപടിക്രമങ്ങള്‍ പലിച്ചില്ലെന്നും ഗുരുതരാവസ്ഥയിലുള്ള രോഗിയെ വേണ്ടത്ര പരിഗണിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ ആരോഗ്യ വകുപ്പ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുരുകനേയും കൊണ്ട് ആംബുലന്‍സ് എത്തിയ എല്ലാ ആശുപത്രികളിലും നേരിട്ടെത്തി തെളിവെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അന്വേഷണ സംഘമോ ആരോഗ്യവകുപ്പ് അധികൃതരോ തയാറായിരുന്നില്ല.
സംഭവത്തില്‍ മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയന് മാപ്പ് ചോദിച്ചിരുന്നു. ആശുപത്രികളില്‍ മുരുകന് ചികിത്സ ലഭിക്കാതെ പോയത് ക്രൂരമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമനിര്‍മാണമോ നിയമ ഭേദഗതിയോ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ദേശീയപാതയില്‍ ഇത്തിക്കരയിലുണ്ടായ വാഹനാപകടത്തിലാണ് മുരുകന് മരണപ്പെടുന്നത്. ആറോളം ആശുപത്രികളില്‍ മുരുകനെ എത്തിച്ചിരുന്നെങ്കിലും വേണ്ടത്ര ചികിത്സ നല്‍കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: