ആണ്ടറുതികളിലും ഉത്സവാഘോഷവേളകളിലും ഉപഭോക്താക്കള്‍ക്ക് സൗജന്യങ്ങളും സൗകര്യങ്ങളും വാരിക്കോരി നല്കാന് കച്ചവടക്കാര്‍ തമ്മില്‍ കടുത്ത മത്സരമാണ്. സ്വര്‍ണവിപണിയിലും തുണിവ്യാപാര മേഖലയിലും കൊല്ലത്തിലേറെ ദിവസവും വിലക്കുറിവിനാണ് കച്ചവടം നടക്കുന്നതെന്നവകാശപ്പെടുന്നു.
ഓണത്തിന് ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില്‍പ്പനയാണ് തകൃതിയായി നടക്കുന്നത്. വന്‍കിട കമ്പനിക്കാരുടെ ടാര്‍ജറ്റ് കോടിക്കണക്കിന് രൂപയാണ്. ഗൃഹോപകരണ വില്‍പ്പനശാലകളിലെല്ലാം തിരക്കോടു തിരക്കാണ്. കോടിക്കണക്കിന് രൂപയ്ക്കുള്ള സമ്മാനങ്ങളാണ് കച്ചവടക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്.
വീടും കാറും സ്വര്‍ണനാണയങ്ങളും വാരിക്കോരി നല്കുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് വില നിയന്ത്രിക്കുന്നതും നിശ്ചയിക്കുന്നതും കമ്പനിക്കാരാണല്ലൊ. സ്വര്‍ണമാണെങ്കില്‍ തൂക്കത്തില്‍ മിക്കവാറും കമ്പോളത്തില്‍ ഒരേ വിലനിലവാരമാണ്.
ഉത്സവാഘോഷ വേളകളില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇത്രയധികം വിലക്കിഴിവ് നല്‍കിയിട്ടും കമ്പനികളുടെ അറ്റാദായം വര്‍ധിക്കുന്നു. വില കൂട്ടി കിഴിവ് നല്കുന്ന കച്ചവട തന്ത്രം നമുക്കെല്ലാവര്‍ക്കും പരിചിതമായിക്കഴിഞ്ഞു.
ജിഎസ്ടി വന്നിട്ടും വില കുറയേണ്ട പല നിത്യോപയോഗ സാധനങ്ങള്‍ക്കും നമുക്ക് വിലക്കുറവ് അനുഭവപ്പെട്ടില്ല. ചില കമ്പനിക്കാര് ഒരല്‍പ്പം കുറവു വരുത്തി അവരുടെ ഉല്‍പ്പന്നങ്ങളുടെ വില പ്രസിദ്ധീകരിച്ചിരുന്നു. ഹോട്ടലുകളിലടക്കം വില കൂടുകയും ചെയ്തു.
വിലയെക്കുറിച്ചോ ഗുണനിലവാരത്തെക്കുറിച്ചോ സര്‍ക്കാരിന് യാതൊരു നിയന്ത്രണവുമില്ല. ഓണത്തിന് ബോണസ്സും മറ്റും ധനാഗമമാര്ഗ്ഗങ്ങളുമുണ്ടാകുമ്പോള് കച്ചവടക്കാര്‍ക്കും ഇതൊരു കൊയ്ത്തുകാലമാണ്. പല രാജ്യങ്ങളിലും ഇത്തരത്തിലുള്ളൊരു വിപണന സമ്പ്രദായമില്ല. എല്ലാം ക്ലിപ്ത വിലമാത്രം. ഹോള്സെയിലായാലും റിട്ടേയിലായാലും നിരക്കില്‍ മാറ്റമില്ല.
ഒരു കിലോ ഉപ്പേരിക്ക് ഒരു കിലോ ഫ്രീ, ഒരു ലിറ്റര്‍ പാലടക്ക് ഒരു ലിറ്റര്‍ പാലട ഫ്രീ എന്ന പരസ്യമൊന്നും കാണാനില്ല. ഇനി നാഴൂരിപാലുകൊണ്ട് നാടാകെ പാലടയായി. എല്ലാം വിദഗ്ദ്ധ പാചകന്മാര്‍ തന്നെ. പാലടയുടെ ഫ്ളെക്സുകളൊക്കെ നാട്ടിലും നഗരത്തിലും വ്യാപകമായി പ്രദര്‍ശിപ്പിച്ചു തുടങ്ങി. ഒരുകണക്കിന് നാമൊക്കെയെത്ര ഭാഗ്യവാന്മാര്, എന്തെല്ലാം സൗകര്യങ്ങള്‍, ദൈവത്തിന്റെ സ്വന്തം നാട്ടില്‍.
ചെറാട്ട് ബാലകൃഷ്ണന്,
തലോര്‍, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: