പൊന്‍കുന്നം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് മൂര്‍ച്ഛിച്ചതോടെ നേതാക്കളുടെ ചിത്രങ്ങള്‍ ഫ്‌ളെക്‌സ് ബോര്‍ഡുകളില്‍ നിന്ന് വെട്ടിമാറ്റിത്തുടങ്ങി. ഇതിന്റെ സി.സി.റ്റി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ജവഹര്‍ ബാലജനവേദി കോട്ടയം ജില്ലാ കമ്മിറ്റി പൊന്‍കുന്നത്ത് നടത്തിയ ഓണാഘോഷ പരിപാടിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളിയിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളെക്‌സുകളിലെ നേതാക്കളുടെ ചിത്രങ്ങളാണ് വെട്ടിമാറ്റിയത്. കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ രാത്രിയിലെത്തി വെട്ടിമാറ്റുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിരുന്ന സി.സി.റ്റി.വിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ തമ്മിലടി ഇതോടെ പുറത്തായി. കോണ്‍ഗ്രസിലെ എ ഗ്രൂപ്പിനുള്ളിലെ പോരാണ് ചിത്രങ്ങള്‍ വെട്ടിമാറ്റുന്നതിന് കാരണമെന്ന് കോണ്‍ഗ്രസിലെ നേതാക്കള്‍ പറയുന്നത്.
ചില ബോര്‍ഡുകളില്‍ നിന്ന് ഉദ്ഘാടകനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ്, ആന്റോ ആന്റണി എം.പി, പി.എ സലീം, തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സിബു ദേവസ്യാ പോലീസില്‍ പരാതി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: