കാഞ്ഞാര്‍: സുഹൃത്തുക്കള്‍ക്ക് കഞ്ചാവ് കച്ചവടവുമായി ബന്ധമുണ്ടെന്ന് മനസിലായതോടെ കൂട്ടുകെട്ട് ഉപേക്ഷിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിയെ അഞ്ചംഗ സംഘം മര്‍ദ്ദിച്ചതായി പരാതി. മൂലമറ്റം ജലന്ധര്‍ ഭാഗത്ത് താമസിക്കുന്ന കുരുവിനാല്‍വേലില്‍ രാജുവിന്റെ മകന്‍ അനന്ദുവിനാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്‌ച്ച രാത്രി ഒമ്പതരയോടെ മൂലമറ്റം ടൗണില്‍ വച്ചാണ് സംഭവം.
സംഭവത്തെക്കുറിച്ച് അനന്ദുവും വീട്ടുകാരും പറയുന്നതിങ്ങനെ: അറക്കുളം കാവുംപടി സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ യുവാവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് മര്‍ദ്ദിച്ചത്. ഇയ്യാളുമായി കഴിഞ്ഞ ഏതാനും മാസങ്ങള്‍ മുമ്പ് വരെ ചങ്ങാത്തമുണ്ടായിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരുന്ന ആഡംബര കാര്‍ കടത്തിക്കൊണ്ടുപോകുകയും കഞ്ചാവ് കൈവശം വക്കുകയും ചെയ്തതുള്‍പ്പെടെയുള്ള കേസില്‍ ഇയാളും സംഘവും പ്രതിയായതോടെ അവരുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിച്ചിരുന്നതായി അനന്ദു പറഞ്ഞു.
കഴിഞ്ഞ ഏതാനും നാളുകളായി ക്ലാസ് കഴിഞ്ഞ് വൈകിട്ട് മൂലമറ്റത്തെ ഒരു വര്‍ക്ക് ഷോപ്പില്‍ താല്‍കാലികമായി ജോലി ചെയ്യുന്നുണ്ട്. പതിവു പോലെ ജോലി കഴിഞ്ഞ് അയല്‍വാസി ജോലി ചെയ്യുന്ന കടയുടെ സമീപമെത്തിയപ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെ അഞ്ചംഗ സംഘം വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അനന്ദു പറഞ്ഞു. സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയപ്പോഴാണ് അക്രമികള്‍ പിന്‍മാറിയത്.
അവശനായെത്തിയ വിദ്യാര്‍ത്ഥിയെ ഇന്നലെ രാവിലെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളെക്കുറിച്ച് സൂചന ലഭിച്ചതായും വിദ്യാര്‍ത്ഥിയുടെ മൊഴിയനുസരിച്ച് കേസെടുക്കുമെന്നും കാഞ്ഞാര്‍ എസ്‌ഐ സാം ഫിലിപ്പ് പറഞ്ഞു. തൊടുപുഴ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് അനന്ദു.
















