തുറവൂര്‍(ആലപ്പുഴ): വിരണ്ടോടി ചതുപ്പില്‍ താഴ്ന്ന ആനയ്ക്ക് ഒടുവില്‍ പുനര്ജന്മം. 18 മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ ഇന്നലെ രാത്രി എട്ടു മണിയോടെ കൊമ്പനെ കരയ്ക്കുകയറ്റാനായി.
ആലപ്പുഴ മുല്ലയ്ക്കല് ക്ഷേത്രത്തിലെ ആന ബാലകൃഷ്ണനാണ് ഇന്നലെ പുലര്‍ച്ചെ മൂന്നോടെ തുറവൂരിലെ ചതുപ്പില്‍ താഴ്ന്നത്. എറണാകുളം തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളത്തിനു ശേഷം തിരികെ കൊണ്ടുവരുമ്പോഴാണ് ഇടഞ്ഞോടിയത്. തുറവൂര്‍ തെക്ക് ആലക്കാപറമ്പ് ജങ്ഷനില്‍ വച്ചായിരുന്നു സംഭവം. വാഹനത്തില്‍ ആന ശക്തമായി കുത്തിയതോടെ വാഹനം നിര്‍ത്തി. ഈ സമയം ലോറിയില്‍ നിന്ന് ആന ഇറങ്ങിയോടുകയായിരുന്നു. കിഴക്കോട്ട് ഓടിയ ആന തേങ്ങാത്തറ വത്സലയുടെ വീടും, ഗോപാലകൃഷ്ണന് നായര്‍, ഭാസ്ക്കരന്‍നായര്‍, ഷേണായി എന്നീവരുടെ വീടുകളുടെ മതിലുകളും വളമംഗലം കുന്തറ രാധാകൃഷ്ണന്റെ ഓട്ടോറിക്ഷയും വളമംഗലം തിരുഹൃദയദേവാലയത്തിന്റെ ഗേറ്റും നിരവധി ഇലക്ട്രിക്കല്‍ പോസ്റ്റുകളും തകര്‍ത്തു.
വിരണ്ടോടിയ കൊമ്പന് പിന്നീട് വളമംഗലം തെക്ക് അനന്തന് കരിയിലെ ചെളിയില്‍ താഴുകയായിരുന്നു. പിന്നീട് ആനയെ വടം കെട്ടി നിയന്ത്രിച്ചു. കുത്തിയതോട് സിഐ കെ. സജീവ്, എസ്ഐ പി.കെ. മധു എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സംഭവസ്ഥലത്ത് സുരക്ഷയൊരുക്കി. നിരവധി പാപ്പാന്മാരുടെയും അഗ്നിശമന സേനയുടെയും നേതൃത്വത്തില്‍ പ്രദേശവാസികളുടെ സഹായത്തോടെ ആനയെ കരയ്ക്ക് കയറ്റുവാനുള്ള ശ്രമം തുടങ്ങി.
മയക്ക് വെടി വയ്ക്കുന്നതിനായി സംഘമെത്തിയെങ്കിലും ചെളിയില്‍ താഴ്ന്ന ആനയെ വെടിവെയ്ക്കാന്‍ കഴിയാത്തതിനാല്‍ അവര്‍ മടങ്ങി. ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശനായ ആനയ്ക്ക് ദേവസ്വം ബോര്‍ഡ് ഡോക്ടര്‍ എത്തി ഗ്ലൂക്കോസ് നല്കി.
വൈകിട്ടോടെ ആനയുടെ മുന്‍കാലുകളും തലഭാഗവും കരയ്ക്കു കയറ്റാന്‍ സാധിച്ചെങ്കിലും പിന്കാലുകള് ചെളിയില്‍ കുടുങ്ങി. കടല്‍മണ്ണ് ചാക്കിലാക്കി ചെളിയിലിട്ട് ആനയെ കരയ്ക്കു കയറ്റാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. ഇതിനിടെ പെയ്ത മഴയും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. ഒടുവില്‍ രാത്രി എട്ടുമണിയോടെ ആനയെ കരയ്ക്കു കയറ്റാനായി.
എന്നാല്‍ വീണ്ടും ഇടഞ്ഞ ബാലകൃഷ്ണന് സമീപത്തെ ഒരു വീട് തകര്‍ത്തു.
വിദഗ്ധ സംഘം മയക്കുവെടി വെച്ചെങ്കിലും തളയ്ക്കാനായില്ല. സമീപത്തെ മറ്റു വീടുകളും തകര്‍ക്കാന്‍ ശ്രമിച്ചതോടെ തുറവൂര്‍ വളമംഗലം പ്രദേശം ഭീതിയിലായി. കരയ്ക്ക് കയറ്റി എതാനും മിനിറ്റുകള്‍ക്ക് ശേഷമാണ് ആന ഇടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: