ആലപ്പുഴ: ആനപ്രേമികളുടെ ഹരമാണ് മുല്ലയ്ക്കല് ബാലകൃഷ്ണന്, ഇന്നലെ പുലര്‍ച്ചെ തുറവൂര്‍ വളമംഗലത്ത് ബാലകൃഷ്ണന് ചതുപ്പില്‍ കുടുങ്ങിയതായി വാര്‍ത്തകള്‍ പ്രചരിച്ചതോടെ കടുത്ത നിരാശയിലായിരുന്നു അവര്‍, മുല്ലയ്ക്കലമ്മയ്ക്ക് വഴിപാടുകള്‍ പോലും നേര്‍ന്നവരുണ്ട്. ഒടുവില്‍ പ്രാര്‍ത്ഥനകള്‍ ഫലം കണ്ടും മാരത്തോണ്‍ പരിശ്രമത്തിനൊടുവില്‍ ബാലകൃഷ്ണന് ജീവിതത്തിലേക്ക് മടങ്ങിയെത്തി
അളവ് അഴകുകളില്‍ മുന്‍പനാണെങ്കിലും അപകടകാരിയുമാണ് ഇവന്. തന്നെ എപ്പോഴും ഓമനിച്ച കളര്‍കോട് സ്വദേശിനി മീനാക്ഷിയമ്മയെ തുമ്പിക്കൈയ്ക്കടിച്ച് ബാലകൃഷ്ണന് കൊന്നത് നടുക്കത്തോടെയാണ് ആലപ്പുഴക്കാര് ഓര്‍ക്കുന്നത്.
പാപ്പാന്മാര് അടക്കം അര ഡസനിലേറെ പേരുടെ ജിവനാണ് ആനയുടെ കലിയില് അവസാനിച്ചത്. തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലേക്ക് കിഴക്കിവീട്ടില്‍ ട്രസ്റ്റിലെ ബാലകൃഷ്ണ മേനോന് കോടനാട് കൂട്ടില്‍ നിന്ന് സമര്‍പ്പിച്ച കുട്ടിക്കൊമ്പനാണ് പിന്നീട് മുല്ലയ്ക്കല് ബാലകൃഷ്ണന് എന്ന് കീര്‍ത്തി കേട്ടത്.
പാറമേക്കാവിലെ പറയെടുപ്പിനിടെ ഒരു മെഡിക്കല്‍ സ്റ്റോര്‍ തകര്‍ത്തു. ഒടുവില്‍ പാറമേല്‍ക്കാവ് ദേവസ്വം കുട്ടിക്കാമ്പനെ വില്ക്കാന് തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് മല്ലയ്ക്കല്‍ ക്ഷേത്രത്തിലെ ഭകതര്‍ വാങ്ങി രാജരാജേശ്വരിയുടെ നടയ്ക്കിരുത്തിത്. പിന്നീടിങ്ങോട്ട് ആലപ്പുഴക്കാരുടെ ഓമനയായി മാറി ഇവന്. പലപ്പോഴും അക്രമകാരിയായെങ്കിലും ഇവനോടുള്ള സ്നേഹത്തിന് ആനപ്രേമികള്‍ക്ക് കുറവുണ്ടായില്ല. ഈ വര്‍ഷം ആദ്യം ബാലകൃഷ്ണന് മലയാള മാതംഗ പതക്കം നല്കി ആദരിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട മുല്ലയ്ക്കല് ബാലകൃഷ്ണന് സഹകേസരി പതക്കത്തില്‍ നിന്നാണ് മലയാള മാതംഗ പതക്കം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: