തിരുവനന്തപുരം : വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും മുന്നില്‍ ബാറുകളുടെ ദൂരപരിധി കുറച്ച നടപടിയും ദേശീയ-സംസ്ഥാന പാതകളെ തരംതാഴ്ത്തി കോര്പ്പറേഷന്, മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ബാറുകള്‍ അനുവദിച്ച നടപടിയും പിന്‍വലിക്കണമെന്ന ആവശ്യവുമായി യുഡിഎഫും കോണ്‍ഗ്രസും പ്രത്യക്ഷ സമരം ആരംഭിക്കുന്നു.
ഈ മാസം 14 ന് ചേരുന്ന യുഡിഎഫ് യോഗം വിശദമായ സമര പരിപാടികള്‍ ആവിഷ്ക്കരിക്കും. കോണ്‍ഗ്രസിന്റെ സമരപരിപാടികളുടെ ഭാഗമായി 11 ന് സെക്രട്ടേറിയറ്റ് പടിക്കലും ജില്ലാ കളക്ടറേറ്റുകളുടെ മുന്നിലും പ്രതിഷേധ സമരങ്ങള്‍ നടക്കും.
ടൂറിസ്റ്റുകള്‍ക്ക് വേണ്ടിയാണ് ദൂരപരിധി കുറയ്ക്കുന്നതെന്ന എക്സൈസ് മന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും മദ്യവ്യവസായികള്‍ക്ക് വേണ്ടി മാത്രമാണ് ഈ നടപടിയെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസന് കുറ്റപ്പെടുത്തി. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന അസാധാരണ ശില്‍പ്പ ഭംഗിയുള്ള കേരളത്തിലെ ദേവാലയങ്ങള്‍ക്ക് ഉള്ളിലും ബാറുകള്‍ തുറക്കുമോയെന്ന് ഹസന് ചോദിച്ചു.
ബാര്‍ അറ്റാച്ച്ഡ് സ്കൂളുകളും ആരാധനാലയങ്ങളും ഈ സര്‍ക്കാരിന്റെ ഭരണകാലത്ത് ആരംഭിച്ചാലും അതില്‍ അത്ഭുതപ്പെടേണ്ടതില്ല. ബാറുകള്‍ തുറന്നുകൊടുക്കുന്ന സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും അത് അന്വേഷണ വിധേയമാക്കണമെന്നും ഹസന് ആവശ്യപ്പെട്ടു.
ഓരോ ദിവസവും ഉത്തരവുകളിറക്കി കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയാണെന്നും മദ്യമുതലാളിമാരുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ വന്‍ ഗൂഢാലോചനയുടെ ഫലമാണിതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മദ്യലോബി പണമൊഴുക്കി ഇടതു പക്ഷത്തെ സഹായിച്ചതിന്റെ പ്രത്യുപകാരമാണിതെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: