ന്യൂദല്‍ഹി: അല്‍ഫോന്‍സ് കണ്ണന്താനം ഉള്‍പ്പെടെ, ഒന്‍പതു പുതിയ കേന്ദ്രമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായിരുന്ന ധര്‍മ്മേന്ദ്ര പ്രധാന്, പിയൂഷ് ഗോയല്‍, നിര്‍മ്മലാ സീതാരാമന്, സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി എന്നിവരെയാണ് ക്യാബിനറ്റ് മന്ത്രിമാരായി ഉയര്‍ത്തിയത്.
പ്രകടനമികവിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ക്യാബിനറ്റ് മന്ത്രിമാരായി ഉയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും തീരുമാനിച്ചത്. കേന്ദ്രമന്ത്രിസഭയിലെ ഏക മുസ്ലിം മന്ത്രിയാണ് മുക്താര്‍ അബ്ബാസ് നഖ്വി.
രാവിലെ പത്തരയ്ക്ക് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രിയായിരുന്ന ധര്‍മ്മേന്ദ്ര പ്രധാനാണ് ക്യാബിനറ്റ് മന്ത്രിയായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് ഊര്‍ജ്ജ സഹമന്ത്രി പിയൂഷ് ഗോയല്‍ ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വാണിജ്യ സഹമന്ത്രി നിര്‍മ്മല സീതാരാമന്, പാര്‍ലമെന്ററി കാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി എന്നിവരും ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
തുടര്‍ന്ന് പുതിയ മന്ത്രിമാര്‍ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അശ്വനികുമാര്‍ ചൗബെ (ബിഹാര്‍), ശിവ് പ്രതാപ് ശുക്ല(യുപി), വീരേന്ദ്രകുമാര്‍( മധ്യപ്രദേശ്), അനന്തകുമാര്‍ ഹെഗ്ഡെ ( കര്‍ണാടക), ആര് കെ സിംഗ് ( ബിഹാര്‍), ഹര്‍ദീപ് സിംഗ് പൂരി, ഗജേന്ദ്ര ഷെഖാവത്ത് ( രാജസ്ഥാന്), സത്യപാല്‍ സിംഗ് ( യുപി), അല്‍ഫോണ്‍സ് കണ്ണന്താനം(കേരളം) എന്നിവരാണ് മന്ത്രിമാരായി ചുമതലയേറ്റത്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: