ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിന്റെ വക്താവായി പ്രവര്‍ത്തിക്കുമെന്ന് നിയുക്ത മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തന്റെ മന്ത്രിസ്ഥാനം കേരളത്തിന് ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായി ചെറിയ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഏത് വകുപ്പ് കിട്ടിയാലും സന്തോഷമെന്നുംകണ്ണന്താനം പറഞ്ഞു. അപ്രതീക്ഷിതമായിരുന്നു മന്ത്രിസ്ഥാനമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചു.
ഒരു വര്‍ഷം മുമ്പ് കണ്ണന്താനം ചണ്ഡിഗഢ് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെടാന്‍ വഴിയൊരുങ്ങിയതാണ്. എന്നാല്‍, അവസാനഘട്ടത്തില്‍ ഒഴിവാക്കപ്പെടുകയായിരുന്നു. കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുന്ന ഒമ്പതു പേരില്‍ കണ്ണന്താനം പഴയ ഐ.എ.എസുകാരനാണെങ്കില്‍ ഒരു മുന്‍ ഐ.പി.എസുകാരനും മുന്‍ െഎ.എഫ്.എസുകാരനും പട്ടികയിലുണ്ട്.
1979 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന കണ്ണന്താനം ദല്‍ഹിക്കാര്‍ക്ക് മറക്കാനാവാത്ത മുഖമാണ്. ദല്‍ഹി വികസന അതോറിറ്റി കമീഷണറായിരിക്കെ, അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കാന്‍ കാണിച്ച ധൈര്യമാണ് കണ്ണന്താനത്തെ ഡല്‍ഹിക്കാര്‍ക്ക് പരിചിതനാക്കിയത്. അഴിമതിക്കെതിരായ പോരാട്ടത്തില്‍ ജനശക്തിയെന്ന പ്രസ്ഥാനത്തെ പിന്നീട് നയിച്ചു. 2006-ല്‍ ഇടതു പിന്തുണയുള്ള സ്വതന്ത്രനായി കാഞ്ഞിരപ്പള്ളിയില്‍നിന്ന് കേരള നിയമസഭയില്‍ എത്തി.
















