അരിയല്ലൂര്‍ : മെഡിക്കല്‍ സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് 17 കാരിയായ ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാവുന്നു. വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ ആഭിമുഖ്യത്തില്‍ തമിഴ്നാട് മൗണ്ട് റോഡില്‍ ഇന്നലെ പ്രതിഷേധ പ്രകടനം നടത്തി. നീറ്റ് പരീക്ഷക്കെതിരെ നിയമ യുദ്ധം നടത്തിയ പെണ്‍കുട്ടിയാണ് അനിത.
അനിതയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാനും വിസമ്മതിച്ചു. നീറ്റ് പരീക്ഷാ ഫലം റദ്ദാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്ലസ്ടുവില്‍ 1200ല്‍ 1176 മാര്‍ക്ക് നേടിയാണ് അനിത പ്ലസ് ടു പരീക്ഷ പാസ്സായത്. എന്നാല്‍ 700 മാര്‍ക്കുള്ള നീറ്റ് പരീക്ഷയില്‍ 86 മാര്‍ക്ക് മാത്രമേ അനിതയ്ക്ക് നേടാന്‍ സാധിച്ചു. പരീശീലനക്കുറവായിരുന്നു ഇതിനു കാരണം. നീറ്റ് വിഷയത്തില്‍ അനിത ഏറേ ആശങ്കാകുലയായിരുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലാത്ത തന്റെ മകളുടെ മരണത്തിന്റെ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്ന് അനിതയുടെ അച്ഛന് ചോദിച്ചു.
അതിനിടെ വിദ്യാര്‍ത്ഥികള്‍ അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ ഇത്തരത്തില്‍ ആത്മഹത്യക്ക് മുതിരരുതെന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി പറഞ്ഞു. അനിതയുടെ കുടുംബത്തിന് 7 ലക്ഷം രൂപയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. അതിനിടെ അനിതയുടെ മരണത്തില്‍ തമിഴ് സൂപ്പര്‍ താരം രജനീകാന്ത് ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: