തളിപ്പറമ്പ്: ദുരൂഹസാഹചര്യത്തില്‍ മരിച്ച സഹകരണ വകുപ്പ് മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.ബാലകൃഷ്ണന്റെ കുടുംബ പെന്‍ഷനായി പതിമൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി സൂചന. കേസില്‍ അറസ്റ്റിലായ അഡ്വ.ശൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറുമാണ് ഇത്രയേറെ പണം തട്ടിയെടുത്തത്. 2011 ഒക്ടോബര്‍ 1 മുതല്‍ 2017 ജൂലൈ 1 വരെയുള്ള പെന്ഷന് തുകയാണ് പതിമൂന്നരലക്ഷംരൂപ.
ബാലകൃഷ്ണന്റെ ഭാര്യയെന്ന വ്യാജേന കോറോത്തെ കിഴക്കേക്കര വണ്ണാടില്‍ ജാനകിക്കാണ് ഇത്രയും തുക ലഭിച്ചിരുന്നത്. ഈ തുകയത്രയും സഹോദരി ശൈലജ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. 1980 ഏപ്രില്‍ 27ന് ജാനകി ബാലകൃഷ്ണനെ വിവാഹം ചെയ്തുവെന്ന് വ്യാജരേഖയുണ്ടാക്കി പെന്‍ഷനും നിക്ഷേപവും സ്വത്തുക്കളും തട്ടിയെടുത്തുവെന്നാണ് ജാനകിയുടെ സഹോദരി അഡ്വ.ശൈലജക്കും മറ്റുമെതിരെയുള്ളകേസ്.
2011 സപ്തംബര്‍ 12ന് മരിച്ച ബാലകൃഷ്ണന്റെ കുടുംബപെന്ഷന് ഒക്ടോബര്‍ മുതല്‍ ലഭിച്ചുതുടങ്ങിയിരുന്നു. ജാനകിയുടെ പേരിലാണ് ട്രഷറിയില്‍ പണം എത്തിയതെങ്കിലും പണം കൈപ്പറ്റിയത് ശൈലജയാണ്. ഇത്സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ ശൈലജയെയും ഭര്‍ത്താവ് കൃഷ്ണകുമാറിനെയും ട്രഷറി ജീവനക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ബാലകൃഷ്ണന് മരിക്കുന്നതിന് അഞ്ച്മാസം മുമ്പ് 2011ഏപ്രില്‍ 7ന് ജാനകി പിന്തുടര്ച്ചാവകാശ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുകയും ഭരണസ്വാധീനം ഉപയോഗിച്ച് ഇത് നേടിയെടുക്കുകയും ചെയ്തിരുന്നു. യുഡിഎഫിന്റെ ചില ഉന്നതനേതാക്കളുടെ പന്തുണയും ഇത്തരംകാര്യങ്ങള്‍ക്ക് ലഭിച്ചതായും സൂചനയുണ്ട്. ഇത്തരത്തില്‍ തട്ടിയെടുത്ത പെന്ഷന് പണം സര്‍ക്കാരിലേക്ക് അടച്ച ശേഷമേ കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കാവൂ എന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പെന്ഷന് നിര്‍ത്തലാക്കാനും പോലീസ് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: