തിരുവനന്തപുരം: പെണ്‍കുട്ടിയാല്‍ ജനനേന്ദ്രിയം മുറിക്കപ്പെട്ട സംഭവത്തില്‍ എഡിജിപി ബി. സന്ധ്യയ്‌ക്ക് പങ്കുണ്ടെന്ന് ശ്രീഹരി. എഡിജിപി അറിയാതെ സംഭവം നടക്കില്ല. അതേസമയം, അയ്യപ്പദാസ്, മനോജ് മുരളി, അജിത്ത് എന്നിവര്‍ നടത്തിയ ഗൂഢാലോചനയില്‍ പെണ്‍കുട്ടി വീണുപോവുകയായിരുന്നെന്നും അവള്‍ക്കങ്ങനെ ചെയ്യാനാകുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഒരു ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീഹരി പറഞ്ഞു.
ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലം സംരക്ഷിക്കാനുള്ള പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ കണ്ണമ്മൂലയില്‍ വന്ന കാലം മുതല്‍ എഡിജിപി സന്ധ്യ തന്നെ ശത്രുവായി കാണുകയാണ്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ടെങ്കിലും വിഷയം വളരെ വികാരപരമായതിനാല്‍ ഇത്രയും നാള്‍ പോലീസ് നടപടിയെടുത്തിട്ടില്ല. ഈ പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരെ 12 കേസുകളുണ്ട്. നാട്ടിലെ ഒരുവിധപ്പെട്ട എല്ലാവര്‍ക്കുമെതിരെ നാലും അഞ്ചും കേസുകളുണ്ട്. ഇത് എഡിജിപിയുടെ ശത്രുതാ മനോഭാവം വ്യക്തമാക്കുന്നതാണെന്നും ശ്രീഹരി പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ താന്‍ അബോധാവസ്ഥയിലായിരുന്നു. ആക്രമണത്തിനുള്ള തിരക്കഥ തയ്യാറാക്കിയത് അയ്യപ്പദാസും അജിത്ത്കുമാറും മനോജ് മുരളിയും ചേര്‍ന്നാണ്. മനോജ് മുരളിയുടെ ബന്ധുവായ എസ്‌ഐയും ഇതിന് സഹായിച്ചിട്ടുണ്ട്. കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കാനുള്ള ധൈര്യം ഇവര്‍ക്കുണ്ടായത് സന്ധ്യ സഹായിച്ചതിനാലാണ്. പെണ്‍കുട്ടിയെ ലൈംഗികചൂഷണത്തിന് വിധേയയാക്കാന്‍ അയ്യപ്പദാസും കൂട്ടരും ശ്രമിച്ചിരുന്നു. താന്‍ ഇടപെട്ട് കുട്ടിയെ രക്ഷിക്കുകയായിരുന്നു. ഇതിലുള്ള വിരോധമാണ് ഇവര്‍ ഇത്തരത്തില്‍ തീര്‍ത്തത്. എന്നാല്‍ ഇപ്പോഴും പെണ്‍കുട്ടിയും അവളുടെ വീട്ടുകാരുമായി തനിക്ക് നല്ല ബന്ധമാണുള്ളത്.
പെണ്ണുകേസില്‍ പെടുത്തിയാല്‍ ആരും സഹായിക്കാന്‍ വരില്ലെന്ന് സന്ധ്യയും കൂട്ടരും കരുതിക്കാണും. സകലവകുപ്പും ഉള്‍പ്പെടുത്തിയാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. മലയാളം എഴുതാനും വായിക്കാനും അറിയാത്ത കുട്ടി പോലീസുകാര്‍ എഴുതിയ മൊഴിയില്‍ ഒപ്പിട്ടു നല്‍കിയതാണ് പോക്‌സോ പ്രകാരം കേസ് ചാര്‍ജു ചെയ്യാന്‍ കാരണം. കേസെടുത്തെങ്കിലും പോലീസിന് തനിക്കെതിരെ ഒരു കുറ്റവും തെളിയിക്കാനായിട്ടില്ല. ഇതുവരെ കുറ്റപത്രം ഹാജരാക്കിയിട്ടില്ല. ക്രൈംബ്രാഞ്ച് വന്ന് മൊഴിയെടുക്കുക മാത്രമാണ് ചെയ്തത്. തന്റെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ പോലീസിന്റെ കൈവശമുള്ള കമ്പ്യൂട്ടറിലുണ്ട്.
ലക്ഷങ്ങള്‍ കൈകാര്യം ചെയ്യുന്ന താന്‍ ഐടി റിട്ടേണ്‍ കൃത്യമായി അടയ്‌ക്കുന്നുണ്ട്. വിദേശഫണ്ട് ലഭിക്കാറുണ്ടെങ്കിലും സ്വന്തം കാര്യത്തിന് അതുപയോഗിക്കാറില്ല. പാവപ്പെട്ടവരുടെ ആവശ്യത്തിന് മാത്രമായാണ് ഉപയോഗിക്കാറുള്ളത്. പെണ്‍കുട്ടിക്ക് അവാര്‍ഡ് കൊടുക്കണമെന്ന് ചില മന്ത്രിമാര്‍ പറഞ്ഞതായി അറിഞ്ഞു. കുറ്റം ചെയ്യുന്നവരുടെ ജനനേന്ദ്രിയം ഛേദിക്കലാണ് ശിക്ഷയെങ്കില്‍ രാഷ്‌ട്രീയക്കാരുള്‍പ്പെടെ എത്രപേര്‍ക്ക് അത് കാണും? അതേസമയം തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ താന്‍ ശിക്ഷിക്കപ്പെടണമെന്നും ശ്രീഹരി പറഞ്ഞു.
















