കൊച്ചി: സാമൂഹ്യ ക്ഷേമ ബോര്‍ഡിന്റെ 571 ക്രഷുകളിലെ ടീച്ചര്‍, ആയമാരില്‍ ബഹുഭൂരിപക്ഷത്തിനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ശമ്പളം നല്‍കുന്നില്ല. ഇത് ചില സന്നദ്ധസംഘടനകള്‍ തട്ടിക്കുകയാണെന്ന് ടീച്ചര്‍മാര്‍ പരാതി നല്‍കിയിരുന്നു.
2017 ജനുവരി ഒന്നിന് ശേഷം ശമ്പളം ലഭിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. രക്ഷിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ മൂന്ന് വയസ്സില്‍ താഴെയുള്ള അവരുടെ കുട്ടികളെ സംരക്ഷിക്കാനാണ് ക്രഷുകള്‍ പ്രവര്‍ത്തിക്കുന്നത്. ക്രഷുകളുടെ പേരില്‍ കടലാസ് സംഘടനകള്‍ ലക്ഷങ്ങള്‍ തട്ടിയതായി ജന്മഭൂമി നേരത്തെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ടീച്ചര്‍മാര്‍ക്ക് 2750 രൂപയും ആയക്ക് 1350 രൂപയുമാണ് ശമ്പളം. എന്നാല്‍ നല്‍കുന്നില്ല. സാമൂഹ്യക്ഷേമബോര്‍ഡ് ഓഫീസര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ജനുവരി മുതല്‍ ക്രഷുകളുടെ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാരിന്റെ മേല്‍ നോട്ടത്തിലാണ്.
35 മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് പരാതിപ്പെട്ടപ്പോള്‍ നിങ്ങള്‍ മറ്റെന്തെങ്കിലും പണിക്ക് ശ്രമിക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. സന്നദ്ധ സംഘടനകളും സാമൂഹ്യക്ഷേമബോര്‍ഡ് ഓഫീസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ക്രഷിന്റെ നടത്തിപ്പിലുള്ളത്. നടക്കാത്ത ക്രഷിന്റെ പേരിലും ഇവര്‍ വര്‍ഷങ്ങളായി സര്‍ക്കാര്‍ ഫണ്ട് വീതം വെക്കുകയാണ്.
തിരുവനന്തപുരത്തെ സന്നദ്ധസംഘടന വയനാട്ടില്‍ പത്ത് ക്രഷ് നടത്തിയതായി രേഖയുണ്ടെങ്കിലും രണ്ടെണ്ണം മാത്രമാണുള്ളത്. മാനന്തവാടിയിലെ സംഘടനയുടെ പേരിലും ആറ് ക്രഷ് പ്രവര്‍ത്തിക്കുന്നതായാണ് രേഖ. ഉള്ളത് രണ്ടെണ്ണം.
പാലക്കാടും, ഇടുക്കിയിലും കാസര്‍കോട്ടും കണ്ണൂരും വിവിധ സന്നദ്ധ സംഘടനകളുടെ പേരില്‍ ക്രഷ് പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ടെങ്കിലും ഇവ കടലാസില്‍ മാത്രമാണ്. ശിശുക്ഷേമസമിതിയുടെ പേരില്‍ 215 ക്രഷ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിലും കൃത്രിമം നടന്നിട്ടുണ്ടോയെന്ന് കൂടുതല്‍ അന്വേഷണത്തിലൂടയേ മനസ്സിലാക്കാന്‍ കഴിയൂയെന്ന് സാമൂഹ്യക്ഷേമബോര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
















