മാവേലിക്കര: ഹൈക്കോടതി ജഡ്ജി പി.ഡി. രാജൻ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മാവേലിക്കര സർക്കിൾ ഇൻസ്‌പെക്ടർ പരാതി നൽകി. ജഡ്ജിയുടെ ബന്ധുവിനെതിരെ കേസെടുത്തതിനെ തുടർന്നാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് സി.ഐ പി.ശ്രീകുമാറിന്റെ പരാതി.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി രജിസ്ട്രാര്‍ എന്നിവര്‍ക്ക് രണ്ട് മാസം മുന്‍പ് ശ്രീകുമാര്‍ പരാതി നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
ചേംബറിൽ വിളിച്ചു വരുത്തിയതിന് ശേഷം ബന്ധുവിനെ കേസിൽ നിന്ന് ഒഴിവാക്കണമെന്നും ഇല്ലെങ്കിൽ നശിപ്പിച്ചു കളയുമെന്നും പറഞ്ഞാണ് ജഡ്ജി ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. പിന്നീട് കൊച്ചി റേഞ്ച് ഐ.ജി. ശ്രീജിത്ത് നേരിട്ടെത്തിയാണ് ശ്രീകുമാറിനെ മോചിപ്പിച്ചത്.
മാവേലിക്കര ഗവ.ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ജഡ്ജിയുടെ സഹോദരനടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സഹോദരനെ ഈ കേസില്‍ നിന്നൊഴിവാക്കാന്‍ പി.ഡി.രാജന്‍ ഫോണിലൂടെ പലതവണ ആവശ്യപ്പെട്ടിരുന്നു. ഇതിന് വഴങ്ങാതിരുന്ന സിഐയെ ജഡ്ജി ഹൈക്കോടതി ചേംബറില്‍ വിളിച്ചു വരുത്തുകയായിരുന്നു.
തന്റെ സഹോദരനെതിരെ കേസെടുക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്ന് ജഡ്‌ജി ചോദിച്ചതായി പരാതിയില്‍ പറയുന്നു. തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തിക്കുമെന്നും തകര്‍ക്കുമെന്നും പറഞ്ഞ ജസ്റ്റിസ് ഒരു ഘട്ടത്തില്‍ തനിക്ക് നേരെ കൈയോങ്ങുക വരെ ചെയ്തെന്നും ശ്രീകുമാറിന്റെ പരാതിയിലുണ്ട്.
ദീര്‍ഘനേരം നീണ്ട ഭീഷണിക്കും ശകാരത്തിനുമൊടുവില്‍ സി.ഐയോട് ചേംബറിന് പുറത്ത് കാത്തുനില്‍ക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു.
















