ന്യൂദല്‍ഹി: പെമ്പിളൈ ഒരുമൈ സമരത്തിനെതിരെ വിവാദ പ്രസംഗം നടത്തിയ വൈദ്യുതി മന്ത്രി എം.എം മണി നടക്കെതിരെയുള്ള ഹര്‍ജി സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് പരിഗണിക്കും. ഇതിനായി പരാതിക്കാരന്‍ ഭരണഘടനാ ബെഞ്ചിന് മുമ്ബാകെ പുതിയ ഹര്‍ജി സമര്‍പ്പിക്കണം.
ബുലന്ദ്ശഹറില്‍ പീഡനത്തിന് ഇരയായവരെ അപമാനിച്ചതിന് സമാജ്ദിവാ പാര്‍ട്ടി നേതാവ് അസംഖാനെ എതിരെയെടുത്ത കേസിനൊപ്പമാവും മന്ത്രി മണിക്കെതിരായ പരാതിയും സുപ്രീം കോടതി പരിഗണിക്കുക. നേരത്തെ മണിക്കെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
മണിയെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്നും മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടമുണ്ടാക്കാന്‍ മുഖ്യമന്ത്രിയോടു നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജികളിലെ ആവശ്യം. എന്നാല്‍ ഈ ആവശ്യങ്ങളില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് നിയമപരമായി അധികാരമില്ലെന്നും ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയോടു നിര്‍ദേശിക്കാന്‍ നിയമപരമായി കഴിയില്ലെന്നും വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹര്‍ജികള്‍ തള്ളിയത്.
ഇടുക്കി കുഞ്ചിത്തണ്ണിയില്‍ ഏപ്രില്‍ 22 ന് നടത്തിയ പ്രസംഗത്തില്‍ പെമ്പിളൈ ഒരുമൈ സമരത്തിനെതിരെ മണി നടത്തിയ പരാമര്‍ശങ്ങള്‍ അശ്ലീലച്ചുവയുള്ളതാണെന്നും സത്യപ്രതിജ്ഞാ ലംഘനമാണിതെന്നും വിമര്‍ശിച്ചാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെയും തുടര്‍ന്ന് സുപ്രീംകോടതിയേയും സമീപിച്ചത്.
















