ന്യൂദല്‍ഹി: കന്നുകാലികൾക്കായി വന പ്രദേശങ്ങളിൽ സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ജി.അഹീര്‍. കന്നുകാലി കടത്ത് വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തില്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചെന്നും ഇത് തടയാനായി പശു സംരക്ഷണകേന്ദ്രം രൂപം നൽകുന്നത് ഫലവത്താകുമെന്ന് അദ്ദേഹം പറഞ്ഞു.
കശാപ്പ് പൂര്‍ണമായി നിരോധിച്ച 16 സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലെ വനഭൂമികളിലും 1,000 ഹെക്ടർ സ്ഥലത്ത് സംരക്ഷണ കേന്ദ്രങ്ങള്‍ രൂപവത്കരിക്കാനാണ് പുതിയ നിര്‍ദശം. ഇത്തരത്തിലുള്ള പശു സംരക്ഷണകേന്ദ്രങ്ങൾ ഓരോ ജില്ലയിലും നിലവില്‍ വരുന്നതോടെ ഇത് മൂലമുള്ള പ്രശ്നങ്ങള്‍ കുറയുമെന്നും മന്ത്രി പറഞ്ഞു.
ഇതിനു വേണ്ടി അമിതമായി പണം ചിലവഴിക്കണ്ടെന്നും പശുക്കള്‍ക്കുള്ള തീറ്റ വനത്തില്‍ നിന്ന് തന്നെ കണ്ടെത്താമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലുള്ള മുഴുവന്‍ ഗോശാലകളെയും സംരക്ഷണകേന്ദ്രമായി കൂട്ടിച്ചേര്‍ക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
















