പോണ്ടിച്ചേരി: ആളെക്കൊല്ലി ഗെയിമായ ബ്ലൂവെയിലിന്റെ നീരാളി പിടിത്തത്തില്‍ നിന്നും മോചിതരാകാതെ കൗമാരക്കാര്‍. പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥിയാണ് ബ്ലുവെയ്‌ലിന്റെ പുതിയ ഇരയായിരിക്കുന്നത്. മരത്തില്‍ കെട്ടിതൂങ്ങിയ നിലയിലാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ ബ്ലുവെയ്ല്‍ ഗെയിമാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൗമാരക്കാരെ ലക്ഷ്യം വച്ചാണ് റഷ്യയില്‍ നിന്നുള്ള ഗെയിമിന്റെ പ്രവര്‍ത്തനം. നിരവധി അപകടം പിടിച്ച കാര്യങ്ങള്‍ ചെയ്യാന്‍ കൗമാരക്കാരെ പ്രേരിപ്പിക്കുകയും ഒടുവില്‍ അവരെ മരണത്തിലേയ്‌ക്ക് തള്ളിവിടുകയും ചെയ്യുന്നതാണ് 50 വെല്ലുവിളികള്‍ നിറഞ്ഞ ഗെയിമിന്റെ രീതി. ഇന്ത്യയിലും വിദേശത്തുമായി നിരവധി പേര്‍ ഗെയിമിന്റെ ഇരകളായിട്ടുണ്ട്.
പേപ്പറില്‍ ബ്ലൂവെയ്‌ലിന്റെ ചിത്രം വരയ്‌ക്കാനാണ് ഗെയിം ആദ്യം ആവശ്യപ്പെടുക. പിന്നീട് ബ്ലൂവെയ്‌ലിന്റെ ആകൃതിയില്‍ ശരീരത്തില്‍ മുറിവുണ്ടാക്കണം. ഒറ്റയ്‌ക്ക് ഒരു മുറിയില്‍ ഇരുന്ന് പേടിപ്പെടുത്തുന്ന സിനിമകള്‍ കാണണം തുടങ്ങിയവയാണ് ഗെയിമിന്റെ വെല്ലുവിളികള്‍. അവസാനമാണ് ആത്മഹത്യ ചെയ്യാന്‍ ഗെയിം ആവശ്യപ്പെടുന്നത്.
പതിനേഴ് വയസുകാരിയായ റഷ്യന്‍ പെണ്‍കുട്ടിയാണ് ഗെയിമിന്റെ സൂത്രധാരിയെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
















