ഛണ്ഡിഗഡ്: മാനഭംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയശേഷം ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെ രക്ഷിക്കാന്‍ അനുയായികളുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടായിരുന്നതായി പോലീസിന്റെ വെളിപ്പെടുത്തല്‍.
ഗുര്‍മീതിനെ കോടതിയില്‍ നിന്നു ബലം പ്രയോഗിച്ചു മോചിപ്പിക്കാനായിരുന്നു ശ്രമം. പഞ്ച്കുളയിലെ സിബിഐ കോടതിയില്‍ ഹാജരാക്കിയ ഗുര്‍മീതിനെ കടത്തിക്കൊണ്ടു പോകാനുള്ള അനുയായികളുടെ നീക്കം പൊളിച്ചാണു പ്രതിയെ ജയിലില്‍ എത്തിച്ചതെന്നു ഹരിയാന ഐജി കെ.കെ.റാവുവാണു വെളിപ്പെടുത്തിയത്.
ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരുടെ കൂട്ടത്തില്‍ ഹരിയാന പൊലീസിലെ അഞ്ചു പൊലീസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. വര്‍ഷങ്ങളായി ഗുര്‍മീതിനു സുരക്ഷ നല്‍കുന്നവരാണിവര്‍. അഞ്ചുപേരെയും ഇന്നലെ പൊലീസ് സേനയില്‍നിന്നു പുറത്താക്കി. ഇവര്‍ക്കെതിരെ രാജ്യദ്രോഹം, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
അതിനിടെ, ഗുര്‍മീതിന് ശിക്ഷ വിധിച്ച സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ്ങിനു സെഡ് പ്ലസ് കാറ്റഗറി സുരക്ഷയ്‌ക്കു തീരുമാനമായി. ജഡ്ജിക്കും കുടുംബത്തിനും നേരെ ഭീഷണികളുയര്‍ന്ന സാഹചര്യത്തിലാണിത്. 10 ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ അടക്കം 55 സായുധസേനാംഗങ്ങളുടെ സംരക്ഷണമാണു നല്‍കുക.
















