തൃശൂര്‍: വസ്ത്രങ്ങള്‍ക്ക് വര്‍ണം പകരാന്‍ അനുയോജ്യമായ സസ്യങ്ങളെ തിരിച്ചറിഞ്ഞ് കാര്‍ഷിക സര്‍വകലാശാല. സ്വാഭാവിക നിറക്കൂട്ടുകള്‍ നിര്‍മ്മിക്കാനും അതു വഴി നിറത്തിനുപയോഗിക്കുന്ന കൃത്രിമ നിറക്കൂട്ടുകളിലെ രാസ പദാര്‍ത്ഥങ്ങള്‍ മൂലമുണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഈ കണ്ടെത്തല്‍ സഹായിക്കും.
വെള്ളായനി കാര്‍ഷിക കോളേജില്‍ ഡോ.ജി.ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിലൂടെയാണ് പരുത്തി,പട്ട് വസ്ത്രങ്ങള്‍ക്ക് നിറം പകരാനുപയോഗിക്കാവുന്ന പന്ത്രണ്ട് സസ്യങ്ങളെ തിരിച്ചറിഞ്ഞത്. വാണിജ്യാടിസ്ഥാനത്തില്‍ ഈ സസ്യങ്ങള്‍ ഉപയോഗിച്ച് വസ്ത്രങ്ങള്‍ക്ക് നിറം നല്കാനുള്ള സാങ്കേതിക വിദ്യയും വികസിപ്പിച്ചിട്ടുണ്ട്.
പതിനാറാം നൂറ്റാണ്ട് വരെ വസ്ത്രങ്ങളില്‍ നിറം പകരാന്‍ സസ്യജന്യ ഉപാധികളാണ് പയോഗിച്ചിരുന്നത്. രാസപദാര്‍ത്ഥങ്ങളടങ്ങിയ കൃത്രിമ നിറങ്ങളള്‍ പ്രചാരത്തിലായതോടെ പഴയ വിദ്യ വിസ്മൃതിയിലായി. എന്നാല്‍ നിറക്കൂട്ടുകളിലെ ചില രാസ പദാര്‍ത്ഥങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായ റിപ്പോര്‍ട്ടുകള്‍ ആശങ്കയുണര്‍ത്തുന്ന കാലഘട്ടത്തിലാണ് കാര്‍ഷിക സര്‍വകലാശാല ആശ്വാസമേകുന്ന കണ്ടെത്തലുമായി മുന്നോട്ട് വന്നിരിക്കുന്നത്.
സസ്യങ്ങളില്‍ നിന്നുണ്ടാക്കുന്ന നിറങ്ങളുടെ ജൈവ, രാസ അപഗ്രഥനവും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ സാങ്കേതിക വിദ്യയിലൂടെ നിറം കൊടുത്ത വസ്ത്രങ്ങളുടെ ഗുണമേന്മയും പരിശോധനകളിലൂടെ ഉറപ്പു വരുത്തി.
സസ്യ ജന്യ നിറക്കൂട്ടുകള്‍ സംബന്ധിച്ച് വിശദമായ പഠനങ്ങള്‍ വിദേശരാജ്യങ്ങളില്‍ നടന്നിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇത്തരം ഗവേഷണങ്ങള്‍ അധികം നടന്നിട്ടില്ല. ജൈവ വൈവിധ്യ കലവറയായ കേരളത്തില്‍ സസ്യങ്ങള്‍ക് കൂടുതല്‍ പ്രാധാന്യവും ഉപയോഗവും ഉണ്ടാക്കാനും ആദിവാസി, ഗോത്രവര്‍ഗക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പുതിയ സാങ്കേതിക വിദ്യ വഴിതെളിക്കും.
















