ചണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ നിന്ന് തടിയൂരാന്‍ ദേര സൗദ സച്ച തലവന്‍ ഗുര്‍മീത് രാം റഹിംകോടതിയില്‍ പതിനെട്ടടവും പയറ്റി. 1990 മുതല്‍ തനിക്ക് ലൈംഗികശേഷിയില്ലെന്ന് ഗുര്‍മീത് വാദത്തിനിടെ പറഞ്ഞപ്പോള്‍, മക്കളെങ്ങനെയുണ്ടായെന്നാണ് പ്രത്യേക സിബിഐ കോടതി ജഡ്ജി ജഗദീപ് കുമാര്‍ തിരിച്ചു ചോദിച്ചത്. ഇതോടെ, ഗുര്‍മീതിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞു.
1999 ആഗസ്റ്റിനും സപ്തംബറിനുമിടയില്‍ സൗദ ആസ്ഥാനത്തെ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നാണ് ഗുര്‍മീതിനെതിരെയുള്ള കേസ്. എന്നാല്‍, 1990 മുതല്‍ തനിക്ക് ലൈംഗികശേഷിയില്ലെന്ന് വാദിച്ച് പ്രോസിക്യൂഷനെ പ്രതിരോധത്തിലാക്കി ഗുര്‍മീത്. ഇയാളെ ലൈംഗികശേഷി പരിശോധയ്‌ക്ക് വിധേയനാക്കിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനും കോടതിയില്‍ സമ്മതിച്ചു.
അതിനിടെയാണ്, മക്കളുടെ കാര്യം കോടതി ചോദിച്ചത്. അതിനു കാരണമായത് ഗുര്‍മീത് ഹാജരാക്കിയ സാക്ഷിയുടെ മൊഴിയും. സംഭവ കാലയളവില്‍ ദേര സൗദയിലെ ഹോസ്റ്റലില്‍ ഗുര്‍മീതിന്റെ രണ്ടു പെണ്‍മക്കള്‍ ഉണ്ടായിരുന്നുവെന്ന് സാക്ഷി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ജഗദീപ് കുമാര്‍, ഗുര്‍മീതിന്റെ വാദങ്ങള്‍ ഖണ്ഡിച്ചത്. കേസില്‍ ഗുര്‍മീതിനെ 20 വര്‍ഷം ജയില്‍ ശിക്ഷയ്‌ക്ക് കോടതി വിധിച്ചിരുന്നു.
















