ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും കള്ളപ്പണം ചെറുക്കാന്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലും പാഠ്യവിഷയമാകുന്നു. സ്വഛ് ഭാരത്, ബേഠീ ബച്ചാവോ ബേഠീ പഠാവോ, ഡിജിറ്റല്‍ ഇന്ത്യ, ജിഎസ്ടി തുടങ്ങിയ പദ്ധതികള്‍ അടുത്ത അധ്യയന വര്‍ഷം മുതലുള്ള എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ ഇടംനേടും.
വിവിധ വിഷയങ്ങളിലുള്ള 182 പാഠപുസ്തകങ്ങളാണ് എന്‍സിഇആര്‍ടി പരിഷ്‌കരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അധ്യാപകരില്‍നിന്നുള്‍പ്പെടെ ലഭിച്ച ആയിരത്തിലേറെ നിര്‍ദ്ദേശങ്ങളാണ് നടപ്പാക്കുന്നത്. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, സംസ്‌കൃതം തുടങ്ങിയ വിഷയങ്ങളിലാണ് ഏറ്റവുമധികം മാറ്റങ്ങള്‍ വരുന്നത്.
പ്രൈമറി ക്ലാസ്സുകളിലെ കണക്ക് പുസ്തകത്തില്‍ നോട്ട് റദ്ദാക്കലിന് ശേഷം പുറത്തിറക്കിയ നോട്ടുകളുടെ ചിത്രം നല്‍കും. പത്താം ക്ലാസ്സിലെ സാമ്പത്തിക ശാസ്ത്രം പുസ്തകത്തില്‍ സാമ്പത്തിക വളര്‍ച്ച അറിയുകയെന്ന പാഠഭാഗത്ത് ചരക്ക് സേവന നികുതിയും നോട്ട് അസാധുവാക്കലും ഉള്‍പ്പെടുത്തും. കറന്‍സിരഹിത സമ്പദ് വ്യവസ്ഥയും ഡിജിറ്റല്‍ ഇന്ത്യയും വിവിധ പുസ്തകങ്ങളിലുണ്ടാകും.
എട്ടാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രത്തില്‍ റോഡ് സുരക്ഷ സംബന്ധിച്ച് പുതിയ നിര്‍ദ്ദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കും. ഇതേ ക്ലാസ്സിലെ സംസ്‌കൃത നാടകം ഭഗവതജ്ജുകം ഒഴിവാക്കും. നാടകത്തില്‍ വേശ്യയെക്കുറിച്ചുള്ള ഭാഗം വിശദീകരിക്കാന്‍ പ്രയാസമാണെന്ന് അധ്യാപകര്‍ പരാതിപ്പെട്ടിരുന്നു. ഇന്ത്യന്‍ ഭരണഘടന സംബന്ധിച്ച പാഠഭാഗത്തില്‍ അറിയാനുള്ള അവകാശം, വിദ്യാഭ്യാസ അവകാശം എന്നിവ കൂട്ടിച്ചേര്‍ക്കും.
















