കൊല്‍ക്കത്ത: മുത്തലാഖിനെതിരെ ശബ്ദം ഉയര്‍ത്തി നിയമപോരാട്ടം നടത്തിയ ഇസ്രത്ത് ജഹാന് നേരിടേണ്ടി വരുന്നത് കടുത്ത യാതനകളെന്ന് റിപ്പോര്‍ട്ട്. മുത്തലാഖ് കേസിലെ ഹര്‍ജിക്കാരില്‍ ഒരാളായ ഇസ്രത്ത് ജഹാന്റെ മക്കളെ തട്ടിക്കൊണ്ടു പോയതായി പരാതി.
ഭര്‍ത്താവാണ് മക്കളെ തട്ടിക്കൊണ്ടു പോയതെന്നും ഇസ്രത്തിന്റെ പരാതിയില്‍ പറയുന്നു.
മുത്തലാഖ് നിരോധിച്ചുകൊണ്ട് വന്ന സുപ്രീംകോടതി വിധിക്കുശേഷം തനിക്കുനേരെ നാലു വശങ്ങളില്‍ നിന്നും ഭീഷണി ഉയര്‍ന്നുവെന്ന് കാണിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പരാതി നല്‍കിയിരുന്നു.
മുത്തലാഖിലുടെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ഭര്‍ത്താവിന്റെ കുടുംബം തന്നെയാണ് തനിക്കെതിരെ ഭീഷണി ഉയര്‍ത്തുന്നതെന്നും അപവാദം പറഞ്ഞു പരത്തുന്നതെന്നും ഇസ്രത്ത് ജഹാന്‍ ആരോപണം ഉയര്‍ത്തിയിരുന്നു. സംരക്ഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
ദുബായില്‍ നിന്ന് ഫോണിലൂടെ തലാക്ക് ചൊല്ലിയാണ് ഇസ്രത്ത് ജഹാനുമായുള്ള ബന്ധം ഭര്‍ത്താവ് വേര്‍പ്പെടുത്തിയത്. ഇസ്രത്തിന്റെ ഉള്‍പ്പെടെ അഞ്ചു പേരുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചുകൊണ്ട് കഴിഞ്ഞ ആഴ്ച വിധി പ്രഖ്യാപിച്ചത്.
















