കണ്ണൂര്‍: കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം രാഷ്‌ട്രീയ വേട്ടയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതെന്നും ജയരാജന്‍ പറഞ്ഞു.
നിയമപരമായ കാര്യങ്ങള്‍ ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും ജയരാജന്‍ പറഞ്ഞു. ജയരാജനെതിരെ ശക്തമായ തെളിവുകളാണ് കുറ്റപത്രത്തിലുള്ളത്. ഒന്നാം പ്രതി വിക്രമനുമായി ചേര്‍ന്നാണ് ജയരാജന്‍ ഗൂഢാലോചന നടത്തിയതെന്നും സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്.
കേസില്‍ ഇരുപത്തിയഞ്ചാം പ്രതിയാണ് ജയരാജന്‍. 2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ ഡയമണ്ട് മുക്കില്‍ ഇളന്തോട്ടത്തില്‍ കെ.മനോജിനെ സിപിഎം സംഘം കൊലപ്പെടുത്തുന്നത്. വാഹനത്തിനു നേരെ ബോംബ് എറിഞ്ഞശേഷം വണ്ടിയില്‍ നിന്നു വലിച്ചിറക്കി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന്‍ എന്നിവരടക്കം 25 സിപിഎം പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളാണ്. പി. ജയരാജന്‍ അടക്കം ഒമ്പത് പേര്‍ക്കു നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
















