തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടി സര്‍ക്കാര്‍ നല്‍കാമെന്ന് വൈകിയെങ്കിലും തീരുമാനം. എന്നാല്‍ വൈകി എത്തിയ ഈ തീരുമാനം 604 വിദ്യാര്‍ഥികളുടെ മെഡിക്കല്‍പഠനമെന്ന സ്വപ്‌നത്തെയാണ് തകര്‍ത്തത്.
മൂന്നാംഘട്ട അലോട്ടമെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍ 86 മാനേജ്‌മെന്റ് സീറ്റുകള്‍ മാത്രമാണ് ഒഴിഞ്ഞു കിടന്നിരുന്നത്. ചൊവ്വാഴ്ച അവസാനഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ ശേഷിച്ചത് 690 സീറ്റുകളായിരുന്നു. സാധാരണ മൂന്നാംഘട്ട അലോട്ട്‌മെന്റ് കഴിയുമ്പോള്‍ ഒഴിഞ്ഞുകിടക്കുക നൂറു മുതല്‍ ഇരുനൂറ് വരെ സീറ്റുകളാണ്. എന്നാല്‍ ഉയര്‍ന്ന ഫീസും ബാങ്ക് ഗ്യാരണ്ടിയും ബോണ്ടുമെല്ലാം സാധാരണക്കാരന്റെ മെഡിക്കല്‍ പഠനത്തിന് കരിനിഴല്‍ വീഴ്‌ത്തി. അതോടെ നീറ്റില്‍ ഉയര്‍ന്ന റാങ്ക് നേടിയിട്ടും നിരവധി വിദ്യാര്‍ഥികള്‍ സീറ്റ് വേണ്ടെന്നുവച്ച് മടങ്ങുകയായിരുന്നു.
നീറ്റില്‍ മികച്ച റാങ്കുനേടിയ 604 പേര്‍ക്കാണ് പഠനാവസരം നഷ്ടമായത്. ഗ്യാരണ്ടി സര്‍ക്കാര്‍ നല്‍കുമെന്ന് ബാങ്കുകളുമായി ധാരണ ഉണ്ടാക്കിയതും ചില മാനേജ്‌മെന്റുകള്‍ ബോണ്ടും ബാങ്ക് ഗ്യാരണ്ടിയും വേണ്ടെന്നു വച്ചതും ഇവര്‍ക്ക് സഹായകരമായില്ല. ഈ കുട്ടിള്‍ക്ക് ഇനി ഈ വര്‍ഷം മെഡിക്കല്‍ പ്രവേശനത്തിന് അര്‍ഹതയില്ല. മൂന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചശേഷം അഡ്മിഷന്‍ എടുക്കതെ വന്നാല്‍ അവസരം നഷ്ടമാകുമെന്നാണ് മെഡിക്കല്‍ പ്രവേശന നിയമം. ഇതോടെ 604 പേരുടെയും അവരുടെ കുടുംബങ്ങളുടെയും പ്രതീക്ഷ നശിച്ചു.
ബാങ്കുകളുമായി സര്‍ക്കാര്‍ ധാരണയിലെത്തുമെന്നും മാനേജ്‌മെന്റുകളോട് ബാങ്ക് ഗ്യാരണ്ടിയില്‍ ഇളവ് വരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും തിങ്കളാഴ്ച വൈകിട്ടോടെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കില്‍ ഇത്രയും കുട്ടികളുടെ ഭാവി തകരില്ലായിരുന്നു. പ്രഖ്യാപനങ്ങള്‍ വന്നത് ചൊവ്വാഴ്ച ഉച്ച മുതലായിരുന്നു. സുപ്രീംകോടതിയില്‍ നിന്ന് രണ്ട് കോളേജുകള്‍ക്ക് പതിനൊന്ന് ലക്ഷമായി ഫീസ് നിര്‍ണയിച്ചപ്പോഴും ബാങ്ക് ഗ്യാരണ്ടി വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചപ്പോഴും സര്‍ക്കാര്‍ ബാങ്കുകളുമായി ധാരണയിലെത്തിയിരുന്നെങ്കില്‍ നിരവധി പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ആശ്രയമാകുമായിരുന്നു.
സുപ്രീംകോടതി വിധി വന്നപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് പ്രത്യേക അധികാരമുപയോഗിച്ച് പ്രവേശനം നടത്താനും ബാങ്ക് ഗ്യാരണ്ടി സംബന്ധിച്ച ഉറപ്പും നല്‍കിയിരുന്നെങ്കില്‍ നീറ്റില്‍ ഉയര്‍ന്ന റാങ്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ തന്നെ മെഡിക്കല്‍ പഠനം സാധ്യമാകുമായിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന ബാങ്ക് ഗ്യാരണ്ടി ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുന്നത് നീറ്റില്‍ പിന്നിലെത്തിയ സ്‌പോട്ട് അഡ്മിഷനെ മാത്രം ആശ്രയിച്ച് പണവുമായി എത്തിയവര്‍ക്കാകും; പിന്നെ എന്തും വരട്ടെയെന്നുകരുതി രണ്ടും കല്‍പിച്ച് അഡ്മിഷന്‍ എടുത്തവര്‍ക്കും.
















