വിക്കറ്റെടുത്ത ഷാക്കിബ് അല്‍ ഹസന്റെ ആഹ്ലാദം
ധാക്ക: ഷാക്കിബ് അല്‍ ഹസനെ പോലൊരു തേരാളിയെ കിട്ടയപ്പോള്‍ ഓസീസെന്ന കംഗാരുക്കൂട്ടത്തെ ബംഗ്ല കടുവകള്‍ കശാപ്പ് ചെയ്തു. ഷാക്കിബിന്റെ ഓള്‍റൗണ്ട് മികവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ലാദേശിന് ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യ ജയം. ധാക്കയില്‍ 20 റണ്‍സിന് ഓസീസിനെ അവര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: ബംഗ്ലാദേശ് – 260, 221, ഓസ്‌ട്രേലിയ – 217, 244. ആദ്യ ഇന്നിങ്‌സില്‍ 50 റണ്‍സും രണ്ടിന്നിങ്‌സിലുമായി പത്ത് വിക്കറ്റും നേടിയ ഷാക്കിബാണ് കളിയിലെ താരം.
ജയിക്കാന്‍ 265 റണ്‍സ് മതിയായിരുന്ന ഓസ്‌ട്രേലിയ നാലാം ദിവസം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സിന് ബാറ്റിങ് തുടങ്ങിയപ്പോള്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു. പ്രത്യേകിച്ച് വാര്‍ണറും നായകന്‍ സ്റ്റീവന്‍ സ്മിത്തും ക്രീസില്‍ നില്‍ക്കുമ്പോള്‍. എന്നാല്‍, 85 റണ്‍സ് വിട്ടുനല്‍കി അഞ്ചു വിക്കറ്റെടുത്ത ഷാക്കിബ് കളി ആതിഥേയര്‍ക്ക് അനുകൂലമാക്കി. ഏഷ്യയിലെ രണ്ടാമത്തേതും കരിയറിലെ 19ാമത്തേയും സെഞ്ചുറിയുമായി ഡേവിഡ് വാര്‍ണര്‍ കളം നിറഞ്ഞെങ്കിലും മറ്റുള്ളവര്‍ക്ക് പിന്തുണ നല്‍കാനായില്ല.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്താന്‍ ബംഗ്ല ബൗളര്‍മാര്‍ക്കായി. സ്മിത്ത് (37), പാറ്റ് കമ്മിന്‍സ് (33 നോട്ടൗട്ട്) എന്നിവര്‍ ചെറുതായെങ്കിലും ചെറുത്തു. തയ്ജുല്‍ ഇസ്ലാം മൂന്നും മെഹിദി ഹസന്‍ മിറാസ് രണ്ടും വിക്കറ്റെടുത്തു. ആദ്യ ഇന്നിങ്‌സില്‍ 68 റണ്‍സ് വഴങ്ങിയാണ് ഷാകിബ് അഞ്ചു വിക്കറ്റെടുത്തത്. ആദ്യ ഇന്നിങ്‌സില്‍ 84 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററുമായി ഷാകിബ്.
നൂറ്റിയൊന്നാം ടെസ്റ്റ് കളിക്കുന്ന ബംഗ്ലാദേശിന്റെ പത്താമത്തെ മാത്രം ജയമാണിത്. സിംബാബ് വെ (അഞ്ച്), വെസ്റ്റിന്‍ഡീസ് (രണ്ട്), ഇംഗ്ലണ്ട്, ശ്രീലങ്ക ടീമുകളെയാണ് മുന്‍പ് അവര്‍ കീഴടക്കിയത്. നാട്ടില്‍ അവരുടെ തുടര്‍ച്ചയായ രണ്ടാം പരമ്പരയിലെ ജയമാണിത്. നേരത്തെ ഇംഗ്ലണ്ടിനെയും കീഴടക്കിയിരുന്നു. രണ്ടാം ടെസ്റ്റ് സപ്തംബര്‍ നാലു മുതല്‍ ചിറ്റഗോങ്ങില്‍.
















