കൊച്ചി: ക്രഷുകളുടെ പേരില്‍ കടലാസു സംഘടനകള്‍ ലക്ഷക്കണക്കിന് രൂപയുടെ സര്‍ക്കാര്‍ ഫണ്ട് തട്ടിയെടുത്തു. രക്ഷിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ മൂന്ന് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനാണ് ക്രഷുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത.് അങ്കണവാടികളില്‍ പോകാന്‍ പ്രായമാകാത്തതും, അങ്കണവാടികളില്ലാത്ത പ്രദേശത്തുമാണ് ക്രഷ് അനുവദിക്കുന്നത്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം സംസ്ഥാനത്ത് 571 ക്രഷുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പകുതിയും വ്യാജമാണെന്നാണ് കേന്ദ്ര ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഉദ്യോഗസ്ഥരുടെ ബിനാമികള്‍ പല പേരുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളാണ് ക്രഷുകള്‍ നേടിയെടുത്തിരിക്കുന്നത്. വ്യാജപേരിലുള്ള ചില സംഘടനകളുടെ പേരില്‍ 10 ക്രഷുകള്‍ വരെ പ്രവര്‍ത്തിക്കുന്നതായാണ് രേഖയില്‍ പറയുന്നത്. എന്നാല്‍ ഇവയില്‍ പലതും വ്യാജമാണെന്നാണ് സംഘടനയുമായി ബന്ധമുള്ളവര്‍ പറയുന്നത്. ക്രഷ് ഒന്നിന് ഒരു ലക്ഷത്തി അമ്പതിനായിരം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷം അനുവദിക്കുന്നത്. ഇതിന്റെ പത്ത് ശതമാനം സന്നദ്ധസംഘടന വഹിക്കണം. ടീച്ചര്‍ക്ക് 2750 രൂപയും സഹായിക്ക് 1350 രപയും നല്‍കണമെന്നാണ് നിബന്ധന. എന്നാല്‍ പ്രവര്‍ത്തിക്കുന്ന ചില ക്രഷുകളിലെ ജീവനക്കാര്‍ക്ക് പണം ലഭിക്കാറില്ലെന്നും പരാതിയുണ്ട്.
സംസ്ഥാനത്ത് രാജീവ് ഗാന്ധി നാഷണല്‍ ക്രഷുകള്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ദേശീയ സാമൂഹ്യ ക്ഷേമ ബോര്‍ഡുമായി ബന്ധപ്പെടുത്തി സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പാണ് ക്രഷുകള്‍ അനുവദിച്ചിരുന്നത്. സാമൂഹ്യ ക്ഷേമ വകുപ്പാണ് സംസ്ഥാനത്തെ ക്രഷുകളുടെ പ്രവര്‍ത്തനം നിരീക്ഷിച്ചിരുന്നത്. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 ജനുവരി ഒന്നിന് കേന്ദ്ര സര്‍ക്കാര്‍ ക്രഷുകളുടെ നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിന്റെ മാത്രം ചുമതലയില്‍ പെടുത്തുകയായിരുന്നു. ഇതോടെ ക്രഷുകളുടെ നടത്തിപ്പിന് 40 ശതമാനം ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നായി വ്യവസ്ഥ.
സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് വകയിരുത്താതിനെ തുടര്‍ന്ന് നല്ല നിലയില്‍ നടത്തിയിരുന്ന ചില ക്രഷുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. സംസഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ക്രഷ് നടത്തിപ്പിനെ സംബന്ധിച്ച് തുടര്‍ നടപടികളുണ്ടാകാത്തതാണ് ക്രഷിന്റെ അടച്ചുപൂട്ടല്‍ ഭീഷണിക്കിടയാക്കിയത്. ഇതോടെ ഇവിടങ്ങളിലെ ആയിരക്കണക്കിന് കുട്ടികളെ ഇതര സ്ഥാപനങ്ങളിലേക്ക് മാറ്റി പരിപാലിക്കേണ്ടിവന്നതായി രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.
മൂന്ന് വര്‍ഷം പ്രവര്‍ത്തന പരിചയമുള്ളതും, കൃത്യമായി കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്ന സംഘടകള്‍ക്കും മാത്രമേ ക്രഷ് അനുവദിക്കാവു എന്ന് കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍ ക്രഷ് അനുവദിക്കുന്നതില്‍ സാമൂഹ്യക്ഷേമവകുപ്പ് ഉപേക്ഷവരുത്തിയതാണ് തട്ടിപ്പിനിടയാക്കിയത്. കേന്ദ്ര നിര്‍ദ്ദേശം വന്നശേഷവും സംസഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വീഴ്ച തുടരുകയാണ്.
















