ആലപ്പുഴ: ജിഎസ്ടി നിയമത്തിലെ അവ്യക്തത മൂലവും റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിലെ പരിചയക്കുറവ് മൂലവും ജൂലൈ മാസത്തെ ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത വ്യാപാരികള്‍ക്ക് ചുമത്തിയിരിക്കുന്ന പിഴ പിന്‍വലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര ആവശ്യപ്പെട്ടു.
ജിഎസ്ടി നിയമപ്രകാരം ജൂലൈ മാസത്തെ ഇടക്കാല റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത് കഴിഞ്ഞ 25, 28 തീയതികളിലായിരുന്നു. എന്നാല്‍ ജിഎസ്ടി പോര്‍ട്ടല്‍ വഴി ജിഎസ്ടി ആര്‍ 3 ബി എന്ന റിട്ടേണ്‍ നിശ്ചിത സമയത്തിനകം സമര്‍പ്പിക്കാന്‍ വ്യാപാരികളില്‍ ഭൂരിഭാഗത്തിനും കഴിഞ്ഞിരുന്നില്ല. പോര്‍ട്ടലില്‍ കയറുന്നതിനുള്ള കാലതാമസവും പണം ബാങ്കില്‍ നിക്ഷേപിച്ചാല്‍ ബാങ്കില്‍ നിന്ന് പോര്‍ട്ടലില്‍ ക്രെഡിറ്റ് ചെയ്യുന്നതിനുള്ള താമസവുമാണ് ഇതിന് കാരണം.
പോര്‍ട്ടലിലുണ്ടായ പിഴവ് മൂലം നികുതി അടയ്‌ക്കാന്‍ കഴിയാത്ത വ്യാപാരികള്‍ കാലതാമസമുണ്ടായ ഓരോ ദിവസത്തിനും 200 രൂപ നിരക്കില്‍ പിഴ നല്‍കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതികള്‍ രണ്ടാഴ്ചയെങ്കിലും നീട്ടി നല്‍കണമെന്നും വ്യാപാരികളുടെ മേല്‍ ചുമത്തിയ പിഴ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















