ന്യൂദല്‍ഹി: വൈക്കം സ്വദേശിയായ അഖിലയെ മതംമാറ്റി ഹാദിയയാക്കി മുസ്ലീം യുവാവ് വിവാഹം കഴിച്ച കേസിന്റെ മേല്‍നോട്ടച്ചുമതലയില്‍ നിന്ന് റിട്ടയേഡ് ജസ്റ്റിസ് ആര്‍വി രവീന്ദ്രന്‍ പിന്‍മാറി. താന്‍ ചുമതലയില്‍ നിന്ന് പിന്‍മാറുകയാണെന്ന് രവീന്ദ്രന്‍ സുപ്രിം കോടതിയെ അറിയിച്ചു. പിന്‍മാറുന്നതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
കേസില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച ശേഷം സുപ്രിം കോടതിയാണ് ജസ്റ്റിസ് രവീന്ദ്രനെ മേല്‍നോട്ടച്ചുമതല ഏല്‍പ്പിച്ചത്. എന്‍ഐഎ അന്വേഷണംതുടങ്ങിയ സാഹചര്യത്തിലാണ് രവീന്ദ്രന്റെ പിന്‍മാറ്റം.പിന്‍മാറിയതിന്റെ കാരണം വെളിപ്പെടുത്താനാകില്ലെന്ന് ജസ്റ്റിസ് രവീന്ദ്രന്‍ വ്യക്തമാക്കി. ജസ്റ്റിസ് രവീന്ദ്രന്റെ പിന്‍മാറ്റത്തെ തുടര്‍ന്ന് എന്‍ഐഎ വീണ്ടും സുപ്രിം കോടതിയെ സമീപിക്കും.
ഓഗസ്റ്റ് മാസം 16 നാണ് ഹാദിയ കേസില്‍ സുപ്രിം കോടതി എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് 19 ന് അന്വേഷണം തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചായിരുന്നു കോടതി എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍, അച്ഛന്‍ അശോകന്‍ എന്നിവരുടെ കൂടി സമ്മതത്തോട് കൂടിയായിരുന്നു രവീന്ദ്രനെ മേല്‍നോട്ടച്ചുമതല ഏല്‍പ്പിച്ചത്.
കേസില്‍ ഗൂഢമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്‍ഐഎ അന്വേഷത്തെ കേരള സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ എതിര്‍ത്തിരുന്നില്ല. ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ ഹര്‍ജിയില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഹാദിയയെ കേള്‍ക്കും എന്നും സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു.
എന്‍ഐഎ അന്വേഷണത്തിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം അഖിലയോട് കോടതിയില്‍ ഹാജരാകാനോ സത്യവാങ്മൂലം നല്‍കാനോ ആവശ്യപ്പെടും. അഖിലയുമായുള്ള വിവാഹം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവായിരുന്ന ഷെഫീന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. അഖിലയെ മതംമാറ്റി ഹാദിയയാക്കിയ നടപടിയും ഹൈക്കോടതി റദ്ദാക്കിയിരുന്നു.
















