തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിര്‍ണ്ണയക്കാര്യത്തില്‍ സര്‍ക്കാരിന് വഴിമുട്ടി. മൂന്നാം ഘട്ട അലോട്ടമെന്റ് ഇന്നലെ അവസാനിച്ചപ്പോഴും ഫീസിന്റെ കാര്യത്തില്‍ ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഫീസ് നിര്‍ണ്ണയ സമിതിയോട് പുതിയ ഫീസ് നിര്‍ണയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചെങ്കിലും ഇതിന് മാസങ്ങളെടുക്കും.
ഒക്ടോബറില്‍ ഫീസ് നിശ്ചയിച്ചു നല്‍കാനാണ് ഫീസ് റഗുലേറ്ററി കമ്മീഷന്റെ തീരുമാനം. ഫീസ് നല്‍കാനായി അഞ്ചു ലക്ഷം രൂപ കടം വാങ്ങിയും വസ്തു വിറ്റും സംഘടിപ്പിച്ചെത്തിയ കുട്ടികളും രക്ഷിതാക്കളുമാണ് സങ്കടക്കടലിലായത്. പെട്ടെന്ന് ആറു ലക്ഷം രൂപ കൂടി കണ്ടെത്താന്‍ കഴിയാതെ, ഡോക്ടറാകണമെന്ന ആഗ്രഹങ്ങളും സ്വപ്‌നങ്ങളും വലിച്ചെറിഞ്ഞ് അവര്‍ കരയുന്ന കാഴ്ചകളായിരുന്നു ഇന്നലെ.
സെപ്റ്റംബര്‍ 17 വരെ സമര്‍പ്പിക്കുന്ന കോളജുകളുടെ വരവ്, ചെലവു കണക്കുകള്‍ ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ സമിതി ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സഹായത്തോടെ പരിശോധിച്ചാണ് ഫീസ് നിര്‍ണയിക്കുക. ഒക്ടോബറില്‍ അന്തിമ ഫീസ് നിര്‍ണയിച്ച് സുപ്രീം കോടതിയെ അറിയിക്കും. അതാണ് ഇനി സര്‍ക്കാരിന് ആകെ ചെയ്യാന്‍ കഴിയുക. അല്ലെങ്കില്‍ ഗ്യാരണ്ടി ഒഴിവാക്കാന്‍ മാനേജ്‌മെന്റുകളില്‍ സമ്മര്‍ദ്ദം ചെലുത്തണം.
ബാങ്ക് ഗ്യാരന്റി സംബന്ധിച്ചു ബാങ്കുകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. അതില്‍ കാര്യമായ ഫലം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി അംഗങ്ങളായ ബാങ്കുകളുടെ പ്രതിനിധികളുമായി ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് ചര്‍ച്ച നടത്തുക. അതിനിടെ, കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ബാങ്ക് ഗ്യാരന്റി വേണ്ട ബോണ്ട് മതി എന്നു സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ അനാസ്ഥയാണ് സ്വാശ്രയ പ്രശ്‌നം സങ്കീര്‍ണമാക്കിയതും സുപ്രീം കോടതി ഫിസ് വര്‍ധിപ്പിക്കാന്‍ ഇടയാക്കിയതും. രക്ഷിതാക്കള്‍ പറഞ്ഞു. ബാങ്ക് ഗ്യാരന്റി കൂടി നല്‍കേണ്ട അവസ്ഥയില്‍ കിടപ്പാടവും പണയം വയ്‌ക്കേണ്ട ഗതികേടാണിലാണ്.
സ്വാശ്രയ മാനേജ്‌മെന്റുകളുടെയും സര്‍ക്കാരിന്റെയും ഒത്തുകളിയുടെ പരിണിതഫലമായാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇപ്പോള്‍ തെരുവില്‍ നില്‍ക്കേണ്ടി വന്നത്. വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട നിവേദനവും ഫീസ് റഗുലേറ്ററി കമ്മിറ്റിക്ക് സമര്‍പ്പിച്ചു.
















