മൂന്നാര്‍: മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസറും സംഘവും നടത്തിയ പരിശോധനയില്‍ രണ്ട് വ്യത്യസ്ത കേസുകളിലായി 20 ലിറ്റര്‍ വ്യാജ മദ്യവും സ്ത്രീയെയും പിടികൂടി. കെഡിഎച്ച് വില്ലേജ് ചിറ്റുവരൈ എസ്റ്റേറ്റിലെ ചിറ്റുവരൈ എന്‍സി ഡിവഷനിലെ 9 മുറി ലായത്തില്‍ താമസിക്കുന്ന കുട്ടിയെയാണ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും 13 ലിറ്റര്‍ വ്യാജമദ്യവും 7മുറി ലായത്തില്‍ താമസിക്കുന്ന ശാന്തിയുടെ ലായത്തില്‍ നിന്നും ഏഴ് ലിറ്റര്‍ വ്യാജമദ്യവും പിടികൂടി.
ശാന്തിയെ പിടികൂടുവാന്‍ കഴിഞ്ഞില്ല. ഓണത്തോടനുബന്ധിച്ച് ബോണസ് വിതരണം നടക്കുന്നതിനാല്‍ മൂന്നാറിലെ എസ്‌റ്റേറ്റ് മേഖലകളില്‍ വ്യാജമദ്യം സംഭരിച്ചിട്ടുള്ളതായി എക്‌സൈസ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബു എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരമാണ് റെയ്ഡ് നടത്തിയത്.
പുതുക്കുടിയില്‍ നടത്തിയ റെയ്ഡില്‍ 105 ലിറ്റര്‍ വ്യാജമദ്യവും, വട്ടവടയില്‍ നടത്തിയ റെയ്ഡില്‍ 15 ലിറ്റര്‍ വ്യാജമദ്യവും പിടികൂടിയിരുന്നു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിബു മാത്യു, പ്രിവന്റീവ് ഓഫീസര്‍മാരായ എസ് ബാലസുബ്രഹ്മണ്യന്‍, സി സി സാഗര്‍, വി പി സുരേഷ്, കെ എം അഷറഫ്, ഉദ്യോഗസ്ഥരായ എ സി നെബു, ബിജു മാത്യു, കെ എസ് മീരാന്‍, ജോളിജോസഫ്, ബിന്ദുമോള്‍ വി ആര്‍, സിമി ഗോപി, ജോസഫ് കെ പി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
ചിറ്റുവരൈയില്‍ നിന്നും പിടികൂടിയ കുട്ടിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















