തോപ്രാംകുടി: കനകക്കുന്ന്-ചൂരപ്പാറ-മേലേച്ചിന്നാര്‍ റോഡിന്റെ ദുരിതം അവസാനിക്കുന്നില്ല.ഇവിടേയ്‌ക്കെത്താന്‍ ഇപ്പോഴും ജീപ്പുമാത്രമാണ് ആശ്രയം. സ്‌കൂള്‍ കുട്ടികള്‍ അമിത ഭാരമുള്ള ബാഗുകള്‍ ചുമന്ന് കിലോമീറ്ററുകള്‍ നടന്നാണ് സ്‌കൂളില്‍ പോകുന്നത്.
2009ല്‍ പാവനാത്മ കോളേജിലെ എന്‍എസ്എസ് ക്യാമ്പ് ഈ റോഡിന്റെ നിര്‍മ്മാണത്തിനായി സംഘടിപ്പിക്കുകയും നാട്ടുകാര്‍ സഹകരിക്കുകയും ചെയ്തിരുന്നു. ജനപ്രതിനിധികളെ അന്ന് റോഡിന്റെ അവസ്ഥ ബോധ്യപ്പെടുത്തിയിരുന്നു.
അഞ്ച് കിലോമീറ്റര്‍ ദൂരമുള്ള ഈ റോഡിന്റെ നാല് കിലോമീറ്റര്‍ ഭാഗം ഇടുക്കി എം പി ജോയ്‌സ് ജോര്‍ജിന്റെയും ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്റേയും മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പറായ ഷൈനി സജിയുടെയും ഇടപെടല്‍ മൂലം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ശേഷിക്കുന്ന ഒരുകിലോമീറ്റര്‍ ഭാഗമാണ് യാത്രക്കാരെ വലയ്‌ക്കുന്നത്. ഈ ഭാഗംകൂടി നന്നാക്കാന്‍ ജനപ്രതിനിധികള്‍ ഫണ്ട് അനുവദിച്ചാല്‍ കനകക്കുന്നിലേക്ക് ദുരിതം താണ്ടാതെ പോകാം.
















