തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ബി കല്ലറ തുറക്കുന്നതിനോട് പരിപൂര്‍ണ വിയോജിപ്പെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. കല്ലറ തുറന്നാല്‍ ആ പ്രക്രിയയുമായി ബന്ധപ്പെടില്ല. തുറന്നതിനു ശേഷമുണ്ടാകുന്ന ഭവിഷ്യത്തുക്കളില്‍ രാജകുടുംബത്തിന് ഒരു ഉത്തരവാദിത്വവുമുണ്ടാകില്ലെന്നും രാജകുടുംബാംഗമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായി വ്യക്തമാക്കി.
കവടിയാര്‍ കൊട്ടാരത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
അതേസമയം ബി കല്ലറ തുറക്കാന്‍ തന്ത്രി അനുമതി നല്‍കിയാല്‍ നടപടികളില്‍ നിന്ന് രാജകുടുംബം വിട്ടുനില്‍ക്കും. കല്ലറ തുറക്കാനാകില്ലെന്ന മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.
വിഷയം ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് കല്ലറ തുറക്കണമെന്ന നിലപാടിനോടും ശക്തമായി വിയോജിക്കുന്നു. ക്ഷേത്രം തന്ത്രിയോ കോടതിയോ കല്ലറ തുറക്കണമെന്ന് തീരുമാനിച്ചാല്‍ സഹകരിക്കാതെ രാജകുടുംബം മാറിനില്‍ക്കും. പിന്നാലെ രാജകുടുംബത്തിന്റെ എതിര്‍പ്പ് കോടതിയെ അറിയിക്കുമെന്നും അവര്‍ പറഞ്ഞു.
സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ ഇന്ന് ശ്രീപദ്മനാഭന്റെ മൂലവിഗ്രഹപരിശോധന നടക്കും. വിഗ്രഹപരിശോധനയ്‌ക്ക് ക്ഷേത്ര തന്ത്രി തരണനല്ലൂര്‍ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാട്, വേഴപ്പറമ്പു നമ്പൂതിരിപ്പാട്, എഴുന്തോളി നമ്പൂതിരി, ചെറുവള്ളി നമ്പൂതിരി എന്നിവരെയാണ് സുപ്രീംകോടതി നിയോഗിച്ചിരിക്കുന്നത്.
ഇന്നലെ രാവിലെ ഗോപാല്‍ സുബ്രഹ്മണ്യം ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. രതീശന്‍ തുടങ്ങിയ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ക്ഷേത്രത്തില്‍ നടക്കുന്ന മൂലവിഗ്രഹപരിശോധനയുടെ നടപടിക്രമങ്ങളാണ് ചര്‍ച്ച ചെയ്തത്.
















