തിരുവനന്തപുരം: ഉള്‍ പ്രദേശങ്ങളിലും ഇട റോഡുകളിലും അത്യാഹിതങ്ങള്‍ നേരിടാന്‍ അഗ്നിശമന സേനയ്‌ക്ക് അത്യാധുനിക വാഹനങ്ങള്‍. മിനി മിസ്ഡ് വാട്ടര്‍ ടെണ്ടര്‍ വാഹനങ്ങളാണിത്.തീ പെട്ടെന്ന് കെടുത്താന്‍ വെള്ളത്തിനോടൊപ്പം പതയും ചേര്‍ത്ത് ഉപയോഗിക്കാവുന്ന നൂതന സംവിധാനം വാഹനത്തിലുണ്ട്.
ഡീസല്‍, പെട്രോള്‍ തുടങ്ങിയവയില്‍ നിന്നും ഉണ്ടാകുന്ന തീപിടുത്തം വളരെ വേഗം കെടുത്താന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.
കമ്പിയഴികള്‍ക്കിടയില്‍ കൈകാലുകള്‍ അകപ്പെടുമ്പോള്‍ രക്ഷപ്പെടുത്താന്‍ അധിക സമയമെടുക്കുന്നതിന്റെ പേരില്‍ ഫയര്‍ ഫോഴ്‌സിന് ഏറെ ശകാരം കിട്ടിയിട്ടുള്ളതാണ്. ലോഹങ്ങള്‍ മുറിക്കുന്ന സാധാരണ കട്ടര്‍ മാത്രമാണ് ഇപ്പോഴുള്ളത്. എന്നാല്‍ പുതിയ മിനി വാഹനത്തില്‍ ഇ-ട്രോളിക് കട്ടര്‍ സംവിധാനമുണ്ട്. ഈ യന്ത്രത്തിന്റെ സഹായത്തോടെ വളരെപ്പെട്ടന്ന് കമ്പികള്‍ മുറിച്ച് മാറ്റി അത്യാഹിതത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താനാകും.
രാത്രിയില്‍ നല്ലവെളിച്ചം ലഭിക്കുന്ന തരത്തില്‍ എല്‍ഇഡി ലൈറ്റ് സംവിധാനവും വാഹനത്തിലുണ്ട്. ഇടുങ്ങിയ റോഡുകളിലൂടെ ഫയര്‍ ഫോഴ്‌സിന്റെ വലിയ വാഹനത്തിന് എത്തിച്ചേരാന്‍ സാധിക്കുന്നില്ല പലപ്പോഴും. മിനി വാഹനം എത്തിയതോടെ ഉള്‍പ്രദേശങ്ങളില്‍ പെട്ടെന്ന് എത്തിച്ചേരാനുമാകും.
തിരക്കേറിയ നഗരങ്ങളില്‍ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ പെടാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെറിയ വാഹനങ്ങള്‍ക്ക് ആദ്യം എത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ തുടങ്ങാനാകും.
മുംബൈയില്‍ മാത്രമാണ് ഇത്തരത്തിലുള്ള ചെറിയവാഹനങ്ങള്‍ ഉള്ളത്. ഒരു വാഹനത്തിന് ഒരു കോടി 10 ലക്ഷം രൂപ വിലവരുമ്പോള്‍ സംസ്ഥാനത്ത് എത്തിയ വാഹനങ്ങള്‍ക്ക് 30 ലക്ഷം രൂപയാണ് വില. 35 മിനി മിസ്ഡ് വാട്ടര്‍ ടെണ്ടര്‍ വാഹനങ്ങളാണ് എത്തിയത്. വന്‍ നഗരങ്ങളില്‍ രണ്ട് വാഹനങ്ങളും മറ്റ് ജില്ലകളില്‍ ഓരോ വാഹനവും നല്‍കും. ഇതോടൊപ്പം 25 പുതിയ വലിയ വാഹനങ്ങളും എത്തിയിട്ടുണ്ട്. വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം 30ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും.
















