കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ വൈക്കം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വൈക്കം പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. ചതി, വിശ്വാസവഞ്ചന, അനുമതിയില്ലാതെ ചിത്രവും ദൃശ്യവും പരസ്യപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
കോടതി സംരക്ഷണത്തില്‍ കഴിയുന്ന വൈക്കം സ്വദേശി അഖിലയുടെ അച്ഛന്‍ അശോകന്‍ വൈക്കം പോലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസ്. അഖിലയുള്‍പ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, കേസിനെയും കോടതിയുടെ നിലപാടിനെയും ദുര്‍ബ്ബലപ്പെടുത്തുന്ന നീക്കം രാഹുല്‍ ഈശ്വറില്‍നിന്നുണ്ടായി.
ഇതിനു പിന്നില്‍ ഗുഢാലോചനയുണ്ടെന്നും രാഹുല്‍ ഈശ്വര്‍ മതതീവ്രവാദികളില്‍നിന്നും സാമ്പത്തിക സഹായം നേടിയെന്ന് സംശയിക്കുന്നുവെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അശോകന്‍ പോലീസില്‍ പരാതിപ്പെട്ടത്.
പരാതിയില്‍ പോലീസ് കോട്ടയം ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍-പബ്ലിക് പ്രോസിക്യൂട്ടറില്‍നിന്ന് പോലീസ് നിയമോപദേശം തേടി. കേസ് നിലനില്‍ക്കുന്നതാണെന്നും അന്വേഷണം നടത്താമെന്നും ഉപദേശം കിട്ടി. അതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.
















