ബെര്‍ലിന്‍: ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യ 600 മീറ്ററില്‍ പുത്തന്‍ ലോക റെക്കോഡ് സ്ഥാപിച്ചു. 800 മീറ്ററിലെ ലോക ചാമ്പ്യനായ സെമന്യ ഇസ്റ്റാഫ് മീറ്റില്‍ ഒരു മിനിറ്റ് 21.77 സെക്കന്‍ഡില്‍ 600 മീറ്റര്‍ ഓടിയെത്തിയാണ് ലോക റെക്കോഡിട്ടത്.
1997 ല്‍ ക്യൂബയുടെ അന ഫിഡീലിയ ക്യൂറോട്ട് കുറിച്ച റെക്കോഡാണ് വഴിമാറിയത്. ലണ്ടനില്‍ അടുത്തിടെ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ 800 മീറ്ററില്‍ സെമന്യ മൂന്നാം തവണ സ്വര്‍ണം നേടി.2009,2011 വര്‍ഷങ്ങളിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു.
ലണ്ടനില്‍ ഇത്തവണ ഡബിള്‍ നേടാനുളള സെമന്യയുടെ മോഹം തകര്‍ന്നു.800 മീറ്ററിന് പുറമെ മത്സരിച്ച 1500 മീറ്ററില്‍ വെങ്കലം കൊണ്ട് തൃപ്ത്തിപ്പെടേണ്ടിവന്നു. വനിതകളുടെ 200 മീറ്ററില്‍ ബ്രിട്ടന്റെ ദിന ആഷര്‍ സ്മിത്ത് സ്വര്‍ണമണിഞ്ഞു. ഐവറി കോസ്റ്റിന്റെ മേരി ജേസി വെളളി നേടി. പുരുഷന്മാരുടെ പോള്‍വോള്‍ട്ടില്‍ അമേരിക്കയുടെ സാം കെന്‍ഡ്രിക്‌സ് സ്വര്‍ണം നേടി.
പോളണ്ടിന്റെ പിയോട്ട് ലൈസക്ക് വെളളിയും ഫ്രാന്‍സിന്റെ റിനൗഡ് ലാവില്ലനി വെങ്കലവും കരസ്ഥമാക്കി. അമേരിക്കയുടെ മുന്‍ ഒളിമ്പിക്‌സ് ചാമ്പ്യന്‍ ഏരിസ് മെറിറ്റ് 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒന്നാംസ്ഥാനം നേടി. 100 മീറ്റര്‍ സ്പ്രിന്റില്‍ ജമൈക്കയുടെ ജൂലിയന്‍ ഫോര്‍ട്ട് ഒന്നാമനായി.
















