കണ്ണൂര്‍: ലിഫ്റ്റ് ചോദിച്ച് കയറിയ യുവാക്കള്‍ ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിച്ച് മാലയും പണവും മൊബൈലും കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. പാപ്പിനിശേരി റെയില്‍വെ ഗേറ്റിനടുത്ത കുണ്ടുങ്കല്‍ സജീര്‍ (32), കനായി തോട്ടും കടവ് ചെങ്ങ ഹൗസില്‍ സിറാജ് (29) എന്നിവരെയാണ് വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം. കണ്ണൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് മാനായ പറശിനിക്കടവ് സ്വദേശി കൊയിലേരിയില്‍ സജിത്തിന്റെ സ്‌കൂട്ടറില്‍ പുതിയതെരുവില്‍ നിന്ന് രണ്ടുപേര്‍ ലിഫ്റ്റ് ചോദിച്ച് കയറുകയായിരുന്നു. പാപ്പിനിശേരി ചുങ്കത്ത് എത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് സജിത്തിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം കവര്‍ച്ച നടത്തി കടന്നുകളയുകയായിരുന്നു.
ഒന്നരപ്പവന്റെ മാലയും 2600 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നതായാണ് പോലീസില്‍ നല്‍കിയ പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികളും പിടിയിലായത്. ചോദ്യം ചെയ്യലില്‍ മാല കണ്ണൂരിലെ ജ്വല്ലറിയില്‍ വിറ്റതായി പ്രതികള്‍ പോലീസിനോട് പറഞ്ഞു.
















