രാജാക്കാട്: പൂച്ചെടികള്‍ക്കൊപ്പം പീടിക മുറ്റത്ത് ചോളവും നെല്ലും നട്ടുപിടിപ്പിച്ച് കൃഷിയുടെ പ്രാധാന്യം സമൂഹത്തിന് പകര്‍ന്ന് നല്‍കുകയാണ് മുനിയറ കുന്നത്ത് ഡോയിച്ചന്‍. നാലു ചുവട് നെല്ല്, പത്തു ചോളം, ചെണ്ടുമല്ലിയുടെയും, ബോള്‍സിന്റയും പൂക്കള്‍ വിരിഞ്ഞു നില്ക്കുന്ന പശ്ചാത്തല ഭംഗിയും. കല്ലാര്‍കുട്ടി മൈലാടുംപാറ റോഡുവക്കില്‍ മുനിയറ ടൗണിനോടു ചേര്‍ന്ന കടയുടെ മുന്നിലാണ് കൃഷിക്കാഴ്ച.
പാഴായ ചാക്കിനുള്ളിലൊ, ടയറിനുള്ളിലൊ മണ്ണ നിറച്ച് കടകളോടു ചേര്‍ന്ന പരിമിതമായ സ്ഥലത്തു പോലും ധാന്യവിളകളും, ഭക്ഷ്യവിളകളും,പൂക്കളും വിളയിക്കാമെന്ന് തെളിയിക്കുകയാണ് മുനിയറ കുന്നത്ത് ഡോയിച്ചനെന്ന നാല്പത്തിയെട്ടുകാരന്‍. ടൗണിലെ മീറ്റ് സ്റ്റാളിലെ ജീവനക്കാരനായ ഇയാള്‍ സമയം കിട്ടുന്ന ഇടവേളകളില്‍ കടയോടു ചേര്‍ന്നുള്ള സ്ഥലത്ത് താന്‍ നട്ട വിളകളെ പരിപാലിക്കുന്നു.
തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന വൈക്കോലില്‍ നിന്നും നിലത്തു വീണ് മുളച്ച നെല്‍വിത്തുകളാണ് നെല്‍കൃഷി ചെയ്യാന്‍ പ്രേരണയായത്. വിളഞ്ഞു നില്ക്കുന്ന നെല്ലിന്റെ രണ്ടു ചുവട് കൊയ്‌തെടുത്ത് അടുത്ത കൃഷിക്കുള്ള വിത്താക്കി ഡോയിച്ചന്‍ സൂക്ഷിച്ചിരിക്കുകയാണ്. മാലിന്യങ്ങളും, ചപ്പുചവറുകളുമാണ് കൃഷിക്കു വളമാക്കി മാറ്റുന്നത്. കടമുറ്റത്തെ കരനെല്‍കൃഷി യാത്രക്കാരിലും കൗതുകമുണര്‍ത്തുന്നു.
















